ഇടുക്കി: കണ്ണിനും മനസിനും കുളിര്‍മയേകി പനംകുട്ടി മേഖലയിൽ കൂട്ടത്തോടെ കുടപ്പനകള്‍ പൂവിട്ടു. അടിമാലി കുമളി ദേശീയപാത വഴി സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് നയന മനോഹരമായ കാഴ്‌ചയാണ് പൂവിട്ട കുടപ്പനകള്‍ സമ്മാനിക്കുന്നത്. ഈ മേഖലയിലെ നിരവധി കുടപ്പനകളാണ് കൂട്ടത്തോടെ പൂവിട്ട് പൂങ്കുലകളാല്‍ സമൃദ്ധമായിട്ടുള്ളത്.
അടിമാലി കുമളി ദേശീയപാതയുടെ ഭാഗമായ കല്ലാര്‍കുട്ടി പാംബ്ല റോഡിന് എതിര്‍ വശത്ത് മുതിരപ്പുഴ ആറിന് തീരത്താണ് പനംകുട്ടി ഗ്രാമം. കൊന്നത്തടി പഞ്ചായത്തിന്‍റെ ഭാഗമായ ഇവിടം കുടപ്പനകള്‍ കൊണ്ട് ശ്രദ്ധ നേടിയതോടെയാണ് പനംകുട്ടി എന്ന പേര് ലഭിച്ചതെന്നാണ് വാമൊഴി. പനംകുട്ടിയിലിപ്പോള്‍ കുടപ്പനകളുടെ വസന്തകാലമാണ്. ഈ മേഖലയിലെ നിരവധി കുടപ്പനകളാണ് കൂട്ടത്തോടെ പൂവിട്ടത്.
സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് കുടപ്പനകള്‍ പൂക്കുന്നത്. പനകൾ പൂവിടുന്നതോടെ പനയുടെ ആയുസ് അവസാനിക്കും. കുടിയേറ്റ കാലത്ത് പുര മേയുന്നതിനായി കൂടുതലായി ഉപയോഗിച്ചിരുന്നത് കുടപ്പനയുടെ ഓലകളാണ്.