എറണാകുളം :ഒബിസി മോർച്ച നേതാവ് അഡ്വക്കേറ്റ് രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്‌ക്കെതിരെ പ്രതികൾ നൽകിയ അപ്പീലിൽ സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ് (Ranjith Sreenivasan Murder Case). ഒന്ന് മുതൽ നാല് വരെയുള്ള പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചത് (Death Sentence). കൂടാതെ വധശിക്ഷയുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായി ഹൈക്കോടതി 15 പ്രതികൾക്കും നോട്ടീസ് അയച്ചു.
ഒബിസി മോർച്ച നേതാവ് രണ്‍ജിത്ത് ശ്രീനിവാസൻ വധക്കേസിൽ ഒന്നുമുതൽ നാല് വരെയുള്ള പ്രതികളായ നൈസാം, അജ്‌മൽ, അനൂപ്, മുഹമ്മദ് അസ്ലം എന്നിവർ വധശിക്ഷയ്‌ക്കെതിരെ നൽകിയ അപ്പീലിലാണ് ഹൈക്കോടതി സർക്കാരിന് നോട്ടീസ് അയച്ചത്. അപ്പീൽ ഹർജി മാർച്ച് 13 ലേക്ക് മാറ്റി. വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവയ്‌ക്കേണ്ടതുണ്ട്. അതിനാൽ വധശിക്ഷയുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായി ഹൈക്കോടതി (High Court) 15 പ്രതികൾക്കും നോട്ടീസ് അയച്ചു.
കേസിലെ പതിനഞ്ച് പ്രതികളെയും കുറ്റക്കാരെന്ന് കണ്ടെത്തിയ മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതികളെ വധശിക്ഷയ്‌ക്ക് വിധിച്ചത്. എസ്‌ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ നൈസാം, അജ്‌മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്‌ദുല്‍ കലാം, സഫറുദ്ദീന്‍, മുന്‍ഷാദ്, ജസീബ് രാജ, നവാസ്, ഷമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷെര്‍ണാസ് അഷ്‌റഫ് എന്നിവരാണ് കേസിലെ പ്രതികള്‍.
ALSO READ : 'ടിപിയുടെ അമ്മ മരിച്ചത് ഹൃദയം പൊട്ടി'; പ്രതികൾക്ക് വധശിക്ഷയിര്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് കെ കെ രമ
ഇതില്‍ നൈസാം, അജ്‌മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്‌ദുല്‍ കലാം, സഫറുദ്ദീന്‍, മുന്‍ഷാദ് എന്നിവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. 2021 ഡിസംബർ 19 നാണ് ആലപ്പുഴ നഗരത്തെ ഞെട്ടിച്ച കൊലപാതക പരമ്പര നടക്കുന്നത്. ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചുകയറിയ പോപ്പുലർ ഫ്രണ്ട് എസ്‌ഡിപിഐ പ്രവർത്തകർ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ചാണ് രൺജിത് ശ്രീനിവാസനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.