കോഴിക്കോട് : ഇസ്ലാം മതവിശ്വാസികളുടെ പുണ്യ മാസമായ റമദാന് തുടക്കമായി. പൊന്നാനിയിലും കാപ്പാടും മാസപ്പിറവി കണ്ടതോടെ കോഴിക്കോട് ഖാളി മുഹമ്മദ് കോയ തങ്ങള്‍ ജമാലുല്ലൈലി റമദാൻ വ്രതാരംഭം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ദിവസം മുഴുവൻ ഭക്ഷണപാനീയങ്ങളേതുമില്ലാതെ ദൈവമാര്‍ഗത്തില്‍ സഞ്ചരിച്ചും പ്രാര്‍ത്ഥിച്ചും നന്മകള്‍ ചെയ്‌തും ദാനധര്‍മം നടത്തിയും വിശ്വാസികള്‍ റമദാനെ പുണ്യകാലമാക്കി തീര്‍ക്കുകയാണ് ചെയ്യുന്നത്. ഖുര്‍ആൻ അവതരിപ്പിക്കപ്പെട്ട മാസമാണ് റമദാൻ. ഈ മാസത്തില്‍ ചെയ്യുന്ന പുണ്യം ദൈവം കയ്യൊഴിയില്ലെന്നാണ് വിശ്വാസം.
പുണ്യ മാസമായ റമദാന് തുടക്കമായി; ഒരുക്കങ്ങളുമായി വിശ്വാസികള്‍ - Ramadan
വിശുദ്ധ മാസമായി വിശ്വസിക്കപ്പെടുന്ന റമദാനില്‍ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇസ്ലാംമത വിശ്വാസികള്‍ ശ്രമിക്കുക.
Published : Mar 11, 2024, 9:13 PM IST
വ്രതാനുഷ്‌ഠാനത്തിനുള്ള ഒരുക്കങ്ങൾ രാജ്യത്തുടനീളം ആരംഭിച്ചു കഴിഞ്ഞു. റമാദാന്‍ മാസത്തിലെ ഉപവാസം ഇസ്‌ലാം മതത്തിന്‍റെ അഞ്ച് സ്‌തംഭങ്ങളിൽ ഒന്നായാണ് കരുതപ്പെടുന്നത്. സൂര്യോദയം മുതൽ സൂര്യാസ്‌തമയം വരെയാണ് ഉപവാസം. പകൽ മുഴുവൻ നീണ്ടുനിൽക്കുന്ന വ്രതാനുഷ്‌ഠാനത്തിന് മുന്നോടിയായി വിശ്വാസികള്‍ സൂര്യോദയത്തിന് മുമ്പ് ഭക്ഷണം കഴിക്കും. ഇതിന് സുഹൂർ എന്നാണ് പറയുക. സൂര്യാസ്‌തമയമാകുന്നതോടെ, മുഹമ്മദ് നബിയുടെ ചര്യ പിന്തുടർന്ന് ഈത്തപ്പഴവും വെള്ളവും ഉപയോഗിച്ച് വിശ്വാസികള്‍ നോമ്പ് തുറക്കും.
ഇസ്ലാമിക കലണ്ടറിലെ ഒമ്പതാം മാസമാണ് റമദാൻ. വിശുദ്ധ മാസമായി വിശ്വസിക്കപ്പെടുന്ന റമദാനില്‍ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വിശ്വാസികള്‍ ശ്രമിക്കുക.