കേരളം

kerala

ETV Bharat / state

'രക്തസാക്ഷികളുടെ ആത്മാക്കളെ വേദനിപ്പിച്ചവർക്ക് മാപ്പില്ല'; വിവാഹസത്കാര വിവാദത്തില്‍ രാജ്‌മോഹൻ ഉണ്ണിത്താൻ - RAJMOHAN UNNITHAN ON PERIYA ISSUE - RAJMOHAN UNNITHAN ON PERIYA ISSUE

പെരിയ ഇരട്ട കൊലപാതക കേസ് പ്രതിയുടെ മകന്‍റെ വിവാഹത്തിൽ പങ്കെടുത്ത കോൺഗ്രസ്‌ നേതാക്കൾക്കെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ.

RAJMOHAN UNNITHAN  PERIYA TWIN MURDER CASE  MURDER ACCUSEDS SON WEDDING  രാജ്‌മോഹൻ ഉണ്ണിത്താൻ കോൺഗ്രസ്‌
RAJMOHAN UNNITHAN ON PERIYA ISSUE (Source: Etv Bharat)

By ETV Bharat Kerala Team

Published : May 11, 2024, 4:19 PM IST

കാസർകോട്: പെരിയ ഇരട്ട കൊലപാതക കേസ് പ്രതിയുടെ മകന്‍റെ വിവാഹത്തിൽ പങ്കെടുത്ത കോൺഗ്രസ്‌ നേതാക്കളെ തള്ളി രാജ്‌മോഹൻ ഉണ്ണിത്താൻ. മൂന്നാം പ്രതിയുടെ മകന്‍റെ വിവാഹത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾക്കെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്തെത്തി.

രക്തസാക്ഷികളുടെ ആത്മാക്കളെ വേദനിപ്പിച്ചവർക്ക് മാപ്പ് ഇല്ലെന്നും രക്തസാക്ഷികളെ മറന്ന് ഏതൊക്കെ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിട്ടുണ്ടോ, അവരെത്ര ഉന്നതന്മാരായാലും അവരെ ശക്തമായി തള്ളിപ്പറയുന്നുവെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. ഇവർക്കെതിരെ പാർട്ടി നടപടികൾ അർഹിക്കുന്നു.

പാർലമെന്‍റ്‌ തെരഞ്ഞെടുപ്പിലും ഈ കൂട്ടുകെട്ട് എനിക്കെതിരെ പ്രവർത്തിച്ചിട്ടില്ല എന്ന് ആർക്ക് എങ്ങനെ വിശ്വസിക്കാനാകുമെന്നും ഉണ്ണിത്താൻ പറഞ്ഞു. ഫേസ് ബുക്ക് വഴിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

പോസ്റ്റിന്‍റെ പൂർണ രൂപം

രക്തസാക്ഷികളുടെ ആത്മാക്കളെ വേദനിപ്പിച്ചവർക്ക് മാപ്പ് ഇല്ല..

‘ധർമ്മ സംസ്ഥാപനത്തിനു വേണ്ടിയാണ് കംസനെ ശ്രീ കൃഷ്‌ണൻ കൊന്നത്. അതുപോലെ
കല്യോട്ടെ ശരത് ലാലിനെയും, കൃപേഷിനെയും സിപിഐഎം കൊലപ്പെടുത്തിയിട്ടുണ്ടെങ്കിൽ ധർമ്മ സംസ്ഥാപനത്തിനു വേണ്ടി കൊന്നതാണെന്ന്,
ഒരു ഉളുപ്പുമില്ലാതെ മൈക്ക് കെട്ടി പ്രസംഗിച്ച പെരിയയിലെ സിപിഐഎം നേതാവും കല്ല്യോട്ട് കൊലപാതക കേസിലെ പ്രതി കൂടിയായ ശ്രീ ബാലകൃഷ്‌ണന്‍റെ കുടുംബത്തിൽ നടന്ന വിവാഹ സൽക്കാരത്തിൽ രക്തസാക്ഷികളെ മറന്ന് ഏതൊക്കെ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിട്ടുണ്ടോ അവരെത്ര ഉന്നതന്മാരായാലും അവരെ ന്യായീകരിക്കാനോ അതിനെ നീതീകരിക്കാനോ കോൺഗ്രസിനെയും രക്തസാക്ഷികളെയും സ്നേഹിക്കുന്നവർക്ക് സാധ്യമല്ല.

അവരെയൊക്കെ ശക്തമായി തള്ളിപ്പറയുന്നു. അക്ഷന്തവ്യമായ അപരാധമാണ് അവർ കോൺഗ്രസ് പാർട്ടിയോടും രക്തസാക്ഷി കുടുംബങ്ങളോടും ചെയ്‌തിട്ടുള്ളത്.
ഇത് ക്ഷമിക്കാൻ ആവുന്ന ഒന്നല്ല. അവർ തീർച്ചയായും പാർട്ടി നടപടികൾ അർഹിക്കുന്നുണ്ട്.
സിപിഐഎം നേതാവിന്‍റെ സൽക്കാരം സ്വീകരിച്ചവരുടെ കുടുംബത്തിലാണ് ഈ അരും കൊല നടന്നതെങ്കിൽ കൊലയാളികളുടെ കുടുംബത്തിലെ ഏതെങ്കിലും ഒരു ചടങ്ങിൽ ഒരു കോൺഗ്രസ് നേതാവ് പങ്കെടുത്തിരുന്നുവെങ്കിൽ എന്താകുമായിരുന്നു ഇവരുടെ പ്രതികരണം?
ആരാന്‍റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാൽ കണ്ടു രസിക്കാൻ ചേലാണ് ചിലർക്ക്.

എന്നാൽ സ്വന്തം വീട്ടിൽ ഇത് സംഭവിക്കുമ്പോൾ മാത്രമേ അതിന്‍റെ വേദനയും ദുഃഖവും ദുരിതവും മനസിലാവുകയുള്ളൂ. കല്യോട്ട് കൊലപാതകത്തിനുശേഷം നൂറുകണക്കിന് കോൺഗ്രസ് പാർട്ടി കുടുംബാംഗങ്ങൾ കള്ളക്കേസിൽ പ്രതിചേർക്കപ്പെട്ട് പൊലീസ് സ്റ്റേഷനുകളിലും കോടതികളിലും കയറിയിറങ്ങി കഷ്‌ടപ്പെടുകയാണ്. അപ്പോഴാണ് നേതാക്കളുടെ ഈ അസംബന്ധ നാടകം.

ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും ആത്മാക്കൾ പോലും പൊറുക്കില്ല. രക്തസാക്ഷി കുടുംബങ്ങളുടെ മുന്നിലും കോൺഗ്രസ് പാർട്ടി പ്രവർത്തകരെ മുമ്പിലും ഇവർ വെറുക്കപ്പെട്ടവരായി മാറിയിരിക്കുന്നു. ഇരയോടൊപ്പമാണെന്ന് നടിക്കുകയും വേട്ടക്കാർക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന പ്രവൃത്തി ആര് ചെയ്‌താലും നിന്ദ്യമാണ്, നീചമാണ്, നികൃഷ്‌ടമാണ്. കഴിഞ്ഞ പാർലമെവന്‍റ്‌ തെരഞ്ഞെടുപ്പിലും ഈ കൂട്ടുകെട്ട് എനിക്കെതിരെ പ്രവർത്തിച്ചിട്ടില്ല എന്ന് ആർക്ക് എങ്ങനെ വിശ്വസിക്കാനാവും....?

സ്വന്തം ജീവൻ തൃണവൽക്കരിച്ച് മരണത്തെ പോലും മുന്നിൽകണ്ട് ഭീഷണിക്കും പ്രലോഭനങ്ങൾക്കും വഴങ്ങാതെ ശരത്ത് ലാലിന്‍റെയും കൃപേഷിന്‍റെയും കൊലയാളികൾക്ക് കൊലക്കയർ വാങ്ങിക്കൊടുക്കാതെ വിശ്രമം ഇല്ലെന്ന് പ്രഖ്യാപിച്ച് മുന്നോട്ടുപോകുന്ന കേസിലെ സാക്ഷികളോടൊപ്പം, കേസ് നടത്തുന്നവർക്ക് ഒപ്പം, രക്തസാക്ഷി കുടുംബങ്ങളോടൊപ്പം, ഇന്ത്യൻ നാഷണൽ കോൺഗ്രസുകാരോടൊപ്പം, നാട്ടുകാരോടൊപ്പം കാസർകോട്ടെ എംപി എന്നും ഉണ്ടാകും മരിക്കുന്നതുവരെ എന്നെ ആർക്കും വിലക്ക് വാങ്ങാൻ കഴിയില്ല.

വിശ്വസിക്കുന്നവരെ ഞാൻ ചതിക്കില്ല. ചതിക്കുന്നവരെ ഞാൻ വിശ്വസിക്കുകയും ഇല്ല.
തുമ്മിയാൽ തെറിക്കുന്ന മൂക്ക് ആണെങ്കിൽ ചുമ്മാ തെറിച്ചു പോകട്ടെ എന്ന് ഞാൻ വിചാരിക്കും. രക്തസാക്ഷികളെയും, രക്തസാക്ഷി കുടുംബങ്ങളെയും, കോൺഗ്രസ് പാർട്ടിക്ക് വേണ്ടി ഒന്നും പ്രതീക്ഷിക്കാതെ കഷ്‌ടതകൾ അനുഭവിച്ചു ഉജ്വലമായി പ്രവർത്തിക്കുന്ന പാർട്ടി പ്രവർത്തകരെയും മറന്നു പ്രവർത്തിക്കുന്നവരെ പാർട്ടിയും പാർട്ടി കുടുംബാംഗങ്ങളും പുച്ഛത്തോടെ തള്ളിക്കളയും.

അത്തരക്കാർക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ സ്ഥാനമില്ല എന്ന് ഓർമ്മപ്പെടുത്തുന്നു.
രക്തസാക്ഷികളുടെ ആത്മാവിനെ വേദനിപ്പിച്ചവർക്ക് മാപ്പില്ല എന്ന് ഉറക്കെ ഉറക്കെ പറയുന്നു.

ALSO READ:പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിയുടെ മകന്‍റെ വിവാഹത്തിൽ പങ്കെടുത്തു; കോൺഗ്രസ് നേതാവിനെതിരെ നടപടി

ABOUT THE AUTHOR

...view details