കേരളം

kerala

ETV Bharat / state

ശബരിമലയിൽ പെയ്യുന്ന മഴയ്‌ക്കും കൃത്യമായ കണക്ക്; പുതിയ 'മഴ മാപിനികള്‍' എല്ലാം അളന്നെടുക്കും - RAIN GAUGE SABARIMALA

ശബരിമലയിൽ പെയ്യുന്ന മൊത്തം മഴയുടെ അളവ് കൃത്യമായി രേഖപ്പെടുത്താന്‍ പുതിയ മഴ മാപിനികൾ

RAINFALL IN SABARIMALA  ശബരിമലയില്‍ മഴ മാപിനി  SABARIMALA NEWS  ശബരിമല കാലാവസ്ഥ
Rainfall In Sabarimala (ETV Bharat)

By ETV Bharat Kerala Team

Published : Dec 14, 2024, 4:40 PM IST

പത്തനംതിട്ട:ശബരിമലയിൽ ആദ്യമായി സ്ഥാപിച്ച മൂന്ന് മഴ മാപിനികൾ മേഖലയിലെ പ്രാദേശികമായി ലഭിക്കുന്ന മഴയുടെ അളവ് കൃത്യമായി അറിയാനും അതിനനുസരിച്ച് മുൻകരുതലുകൾ നടപടികൾ സ്വീകരിക്കാനും സഹായകരമാകുന്നതായി അധികൃതര്‍. മണ്ഡലക്കാലം തുടങ്ങിയ നവംബർ 15നാണ് സന്നിധാനത്തും നിലയ്ക്കലും പമ്പയിലുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി ഓരോ മഴ മാപിനികള്‍ വീതം സ്ഥാപിച്ചത്. സന്നിധാനത്ത് പാണ്ടിത്താവളത്തിലും പമ്പയിലും പൊലീസ് മെസ്സിന് സമീപവുമാണ് മഴ മാപിനികൾ സ്ഥാപിച്ചിട്ടുള്ളത്.

ഓരോ മൂന്ന് മണിക്കൂറിലും ഇടവിട്ട് ഈ മൂന്ന് ബേസ് സ്റ്റേഷനുകളിൽ നിന്ന് മഴയുടെ അളവ് എടുക്കുന്നതിനാൽ ശബരിമലയിൽ പെയ്യുന്ന മൊത്തം മഴയുടെ അളവ് കൃത്യമായി രേഖപ്പെടുത്തുന്നു. ഒരു ദിവസത്തെ മഴയുടെ അളവ് കണക്കാക്കുന്നത് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് രാവിലെ 8.30 മുതൽ പിറ്റേന്ന് രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ രേഖപ്പെടുത്തിയ മഴയാണ്. ഇതുവരെയുള്ള കണക്കെടുത്താൽ സന്നിധാനത്ത് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് ഡിസംബർ 13 പുലർച്ചെ 5.30നാണ്. 27 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയതെന്നും അധികൃതര്‍ അറിയിച്ചു.

ഇതേ ദിവസം ഇതേ സമയം പെയ്‌ത 24.2 മില്ലിമീറ്റർ മഴയാണ് പമ്പയിലെ ഏറ്റവും കൂടിയ മഴ. മഴയുടെ അളവെടുക്കാനുള്ള സന്നിധാനത്തെ എമർജൻസി ഓപ്പറേഷൻ സെന്‍ററിൽ (ഇഒസി) ഏഴ് പേരും പമ്പയിൽ ആറു പേരും നിലയ്ക്കലിൽ ആറു പേരും 24 മണിക്കൂറും ഷിഫ്റ്റ്‌ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നു. ഇതിനു പുറമേ കളക്‌ട്രേറ്റിൽ രണ്ടു പേരുമുണ്ട്.

പത്തനംതിട്ട ജില്ലാ കളക്‌ടറുടെ കീഴിൽ എഡിഎം അരുൺ എസ് നായരുടെ നേതൃത്വത്തിൽ മഴയുടെ അളവ് ദിവസേന നിരീക്ഷിക്കുന്നു. 'ശബരിമലയിൽ മാത്രം പെയ്യുന്ന മഴ കൃത്യമായി രേഖപ്പെടുത്താൻ ഇതുവരെ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. ശബരിമലയിലേക്ക് മാത്രമായി മഴ മാപിനികൾ വേണമെന്ന് കുറേക്കാലമായി ആലോചനയിൽ ഉണ്ടായിരുന്നെങ്കിലും ഇത്തവണയാണ് സ്ഥാപിക്കാൻ സാധിച്ചത്' എന്ന് എഡിഎം അരുൺ എസ് നായർ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

മുൻപ് ആശ്രയിച്ചിരുന്ന സീതത്തോടിലെ വെതർ സ്റ്റേഷൻ താത്‌കാലികമായി പ്രവർത്തന രഹിതമായതും മഴ മാപിനികൾ പെട്ടെന്ന് സ്ഥാപിക്കുന്നതിലേക്ക് നയിച്ചു. മൂന്നിടത്ത് നിന്നും ലഭിക്കുന്ന മഴയുടെ അളവ് പ്രതികൂല കാലാവസ്ഥയിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ വളരെയധികം ഉപകാരപ്രദമാണെന്നും എഡിഎം അരുൺ എസ് നായർ പറഞ്ഞു. സീതത്തോടിലെ വെതർ സ്റ്റേഷൻ ഇപ്പോൾ പ്രവർത്തനക്ഷമമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:ശബരിമലയിൽ മഴ കോരിച്ചൊരിയുന്നു; ഈ മണ്ഡലകാലം തുടങ്ങിയ ശേഷം ഏറ്റവും കനത്ത മഴ പെയ്‌തത് ഇന്നും ഇന്നലെയും

ABOUT THE AUTHOR

...view details