തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്കന്‍ കര്‍ണാടകയ്ക്കും തെലങ്കാനയ്ക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയാണ് മഴ തുടരാൻ കാരണം. കേരളത്തിന് മുകളിലൂടെ 1.5 കിലോമീറ്റര്‍ ഉയരത്തിലായി ന്യുനമര്‍ദപാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്. അതിനാൽ കേരളത്തില്‍ അടുത്ത നാലുദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത.
അതേസമയം, ഓഗസ്റ്റ് 20 ന് എറണാകുളത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പ്രദേശങ്ങളിൽ 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ മഴ ലഭിക്കും.