കാസർകോട് :കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഒന്നാം പ്ലാറ്റ്‌ഫോമിൽ ഗുഡ്‌സ് ട്രെയിൻ നിർത്തിയിട്ട സംഭവത്തിൽ വിശദീകരണവുമായി റെയിൽവേ. സംഭവത്തിൽ സുരക്ഷാവീഴ്‌ചയില്ലെന്ന് റെയിൽവേ അറിയിച്ചു. പാസഞ്ചർ ട്രെയിൻ വരുന്ന ഒന്നാം ട്രാക്കിലായിരുന്നു ലോക്കോ പൈലറ്റ് ഗുഡ്‌സ് ട്രെയിന്‍ നിർത്തിയത്.
രണ്ടാമത്തെയും മൂന്നാമത്തെയും ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഗുഡ്‌സ് ട്രെയിൻ ഒന്നാം പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ടതെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. അറ്റകുറ്റപ്പണികൾ നടക്കുമ്പോൾ താത്കാലികമായി വഴിതിരിച്ചുവിട്ട് ഗുഡ്‌സ് ട്രെയിൻ സർവീസ് തടസമില്ലാതെ ഉറപ്പുവരുത്തുകയായിരുന്നു. ലോക്കോ പൈലറ്റ് ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ ട്രെയിൻ നിർത്തിയിട്ട് പോയതല്ല. നിർദേശം ലഭിച്ചതിനെ തുടർന്നാണ് ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയിട്ടത്.