തിരുവനന്തപുരം:കെ.കരുണാകരന്‍റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിനെ അതിരൂക്ഷമായ ഭാഷയില്‍ വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. തന്തക്ക് പിറന്ന മകളോ തന്തയെ കൊന്ന സന്താനമോ? പത്മജയെ വിശേഷിപ്പിക്കേണ്ടത് എങ്ങനെയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.
മുൻപ് പത്മജ പറഞ്ഞത് താൻ തന്തക്ക് പിറന്ന മകൾ ആണ് എന്നാണ്. കെ. കരുണാകരൻ എന്ത് പാതകമാണ് പത്മജയോട് ചെയ്‌തത്. കരുണാകരന്‍റെ പാരമ്പര്യം പത്മജ ഇനി എവിടെയെങ്കിലും ഉപയോഗിച്ചാൽ പത്മജയെ യൂത്ത് കോൺഗ്രസ് തെരുവിൽ തടയുമെന്നും
പിതൃ ഘാതക എന്നായിരിക്കും പത്മജയെ ചരിത്രം അടയാളപ്പെടുത്തുകയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു (Rahul mankoottathil against padmaja venugopal).
പത്മജയെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആക്കാൻ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. എവിടെയെങ്കിലും ഒന്ന് ജയിച്ചിരുന്നെങ്കില്‍ കേരളത്തിന്‍റെ മുഖ്യമന്ത്രി ആക്കാമായിരുന്നു. എന്നാല്‍ പത്മജ തോറ്റത് പാര്‍ട്ടി ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുന്ന മണ്ഡലങ്ങളിലാണെന്നും രാഹുല്‍ വിമര്‍ശിച്ചു.
പാര്‍ട്ടിയില്‍ പരിഗണന കിട്ടിയില്ല എങ്കില്‍ അവര്‍ക്ക് സിപിഎമ്മില്‍ പോകാമായിരുന്നില്ലേ? അത് പോയില്ല. അപ്പോള്‍ എന്തിനാണോ മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ ബിജെപിയിലേക്ക് പോകുന്നത് അതിന് തന്നെയാണ് പത്മജയും പോയത്.