തിരുവനന്തപുരം: സരിൻ നല്ല പ്രത്യയശാസ്ത്ര ക്ലാരിറ്റിയുള്ള ആളാണെന്നും വിമർശനത്തിൽ വ്യക്തിപരമായി അഭിപ്രായം പറയേണ്ട കാര്യമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. സരിൻ നല്ല സുഹൃത്താണ്. ഇന്നലെയും അടുത്ത സുഹൃത്താണ് ഇന്നും അങ്ങനെയാണ് നാളെയും അങ്ങനെയായിരിക്കും. അദ്ദേഹത്തെ താൻ സർട്ടിഫൈ ചെയ്യേണ്ട കാര്യമില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതിനപ്പുറം മറ്റൊന്നും ഇപ്പോൾ പറയുന്നില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി. മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണിയെ തിരുവനന്തപുരം വഴുതക്കാടുള്ള വീട്ടിലെത്തി കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് കാലത്ത് ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടാകുമെന്നും ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുമെന്നും എകെ ആന്‍റണി പ്രതികരിച്ചു. ഇത്തവണ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് വിജയമുറപ്പാണെന്നും കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിരന്തരമായ ജനസമ്പർക്ക പരിപാടി തെരഞ്ഞെടുപ്പ് കാലത്ത് ഉണ്ടാകണം. പാലക്കാട് വിജയ സാധ്യതയുള്ള സീറ്റാണ്. പാലക്കാട് ബിജെപി വോട്ട് കുത്തനെ കുറയും. വയനാടിനെ വീണ്ടും പിടിച്ചുയർത്തുവാൻ പ്രിയങ്കയുടെ സ്ഥാനാർഥിത്വം കൊണ്ടാകുമെന്നും എകെ ആന്‍റണി പറഞ്ഞു.
ALSO READ:'തോല്‍ക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തില്‍ ആകില്ല രാഹുല്‍ ഗാന്ധിയാകും'; പാലക്കാട് സ്ഥാനാര്‍ഥിത്വം പുനപ്പരിശോധിക്കണമെന്ന് പി സരിന്‍
അതേസമയം പാലക്കാട് രാഹുലിന്‍റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പി സരിന്‍ ആഞ്ഞടിച്ചിരുന്നു. രാഹുലിന്‍റെ സ്ഥാനാര്‍ഥിത്വം പുനപരിശോധിച്ചില്ലെങ്കില്‍ തോല്‍ക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തില്‍ ആകില്ല. രാഹുല്‍ ഗാന്ധിയാകുമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ സാമൂഹ്യമാധ്യമ വിഭാഗം കണ്‍വീനറായ ഡോ. പി സരിന്‍ പറഞ്ഞത്.