കേരളം

kerala

ETV Bharat / state

'പിണറായി വിജയന് ഇത് ശീലവും ലഹരിയും'; മാപ്പ് പറയണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ - RAHUL MAMKOOTATHIL FB POST AGAINST CM - RAHUL MAMKOOTATHIL FB POST AGAINST CM

യാക്കോബായ സഭാ മുൻ നിരണം ഭദ്രാസനാധിപൻ ഗീവർഗ്ഗീസ് മാർ കൂറിലോസ് ബിഷപ്പിനെ വിവരദോഷി എന്ന് വിളിച്ച് മുഖ്യമന്ത്രി. ബിഷപ്പിനെതിരെ മോശ പദപ്രയോഗം നടത്തിയ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ.

രാഹുല്‍ മാങ്കൂട്ടത്തില്‍  പിണറായി വിജയൻ വിവരദോഷി പ്രയോഗം  ഗീവർഗീസ് മാർ കൂറിലോസ് ബിഷപ്പ്  CM AGAINST BISHOP
RAHUL MAMKOOTATHIL ON CM (ETV Bharat)

By ETV Bharat Kerala Team

Published : Jun 8, 2024, 6:52 AM IST

പത്തനംതിട്ട :യാക്കോബായ സഭ മുൻ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് ബിഷപ്പിനെ കുറിച്ച് മോശമായ പദപ്രയോഗം നടത്തിയ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ. താൻ ഒരു ഇടതുപക്ഷക്കാരനാണ് എന്ന് പ്രഖ്യാപിച്ചു കൊണ്ട് തന്നെ പല സിപിഎം - ഡിവൈഎഫ്ഐ പരിപാടികളിൽ പങ്കെടുത്തിട്ടുള്ള വ്യക്തിയാണ് മാർ കൂറീലോസ്. എന്നിട്ട് പോലും സർക്കാരിനെ ഒന്ന് വിമർശിച്ചതിന് ഇത്ര ക്രൂരവും രൂക്ഷവുമായ ഭാഷയിലാണ് പിണറായി വിജയൻ അദ്ദേഹത്തെ അധിക്ഷേപിച്ചിരിക്കുന്നത്. തന്‍റെ ആത്മീയ ജീവിതം കൊണ്ടും ആതുരസേവന ജീവിതം കൊണ്ടും നിലപാടു കൊണ്ടും പൊതു സമൂഹത്തിനേറെ ഇഷ്‌ടമുള്ള ആ ബിഷപ്പിനെ അധിക്ഷേപിച്ച മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്‌റ്റിൻ്റെ പൂർണ രൂപം : 'പുരോഹിതന്മാർക്കിടയിലും വിവരദോഷികൾ ഉണ്ടാകാം'. ശ്രീ പിണറായി വിജയൻ അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് ബിഷപ്പിനെ കുറിച്ച് പറഞ്ഞ വാചകങ്ങളാണിത്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ വോട്ട് കുറയുകയും 126 നിയമസഭ മണ്ഡലങ്ങളിൽ എൽഡിഎഫ് സ്ഥാനാർഥികൾ പിന്നിൽ പോവുകയും ചെയ്‌ത പശ്ചാതലത്തിൽ, 'ജനങ്ങൾ നൽകിയ ചികിത്സയിൽ പാഠം പഠിച്ചില്ലെങ്കിൽ ഇടതു പക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും' അവസ്ഥ വരും എന്ന് സർക്കാരിനെ ഉപദേശിച്ചതിനാണ് ബഹുമാന്യനായ ബിഷപ്പിനെ 'വിവരദോഷി' എന്ന് വിളിച്ചിരിക്കുന്നത്.

താമരശ്ശേരി ബിഷപ്പിനെ മുൻപ് 'നികൃഷ്‌ട' ജീവി എന്ന് വിളിച്ച ചരിത്രമുള്ള ശ്രീ പിണറായി വിജയന് മതമേലധ്യക്ഷന്മാരെ അധിക്ഷേപിക്കുന്നത് ഒരു ലഹരിയും ശീലവുമാണ്. ബഹുമാന്യനായ ഗീവർഗീസ് മാർ കൂറിലോസ് എല്ലാക്കാലത്തും ഇടത്പക്ഷ ചിന്താഗതി വെച്ച് പുലർത്തുകയും, താൻ ഒരു ഇടതുപക്ഷക്കാരനാണ് എന്ന് പ്രഖ്യാപിച്ചു കൊണ്ട് തന്നെ പല സിപിഎം - ഡിവൈഎഫ്ഐ പരിപാടികളിൽ പങ്കെടുത്തിട്ടുള്ള വ്യക്തിയാണ്.

കഴിഞ്ഞ ദിവസമാണ് ശ്രീ എംവി ഗോവിന്ദൻ 'തിരുത്തലുകൾ' വരുത്തും എന്ന് പറഞ്ഞത്. എന്തായാലും നല്ല തിരുത്ത് തന്നെ എന്നും രാഹുൽ മാങ്കൂട്ടത്തിൽ വിമർശിച്ചു.

“അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്യുന്നത് നല്ലതാകിലും തീയതാകിലും അതിനു തക്കവണ്ണം പ്രാപിക്കേണ്ടതിന് നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന് മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു” (2 കൊരിന്ത്യർ 5:10) എന്ന വചനവും രാഹുൽ അദ്ദേഹത്തിന്‍റെ പോസ്‌റ്റിൽ പരാമർശിച്ചു.

ALSO READ :'പുരോഹിതരുടെ ഇടയിലും വിവരദോഷികൾ ഉണ്ടാകും'; ഗീവർഗീസ് മാർ കൂറിലോസിനെതിരെ മുഖ്യമന്ത്രി

ABOUT THE AUTHOR

...view details