പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയതില്‍ വിമര്‍ശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്‍റെ സമുന്നതനായ നേതാവുമായിരുന്ന കെ കരുണാകരനെ ഏറ്റവും അധികം ചതിച്ചവർക്കും, ഏറ്റവും അധികം അപമാനിച്ചവർക്കുമാണ് ഇന്ന് കോൺഗ്രസിൽ ഉന്നത പദവികളെന്ന് പത്മജ ആരോപിച്ചു.
കോൺഗ്രസ് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് മത്സരിപ്പിക്കുന്നത് ലീഡറുടെ ഭാര്യയെ വളരെ സംസ്‌കാരരശൂന്യമായി അധിക്ഷേപിച്ചയാളെയാണ്. അങ്ങനെ കോൺഗ്രസ് പ്രസ്ഥാനം കെ കരുണാകരനെ വീണ്ടും അപമാനിച്ചിരിക്കുന്നു. കെ കരുണാകരനെ സ്നേഹിക്കുന്ന രാജ്യത്തും വിദേശത്തുമുള്ള കോൺഗ്രസ് പ്രവർത്തകരുടെ മനസിന് വീണ്ടും മുറിവേൽപ്പിച്ചിരിക്കുകയാണ് ഇങ്ങനെ ഒരു കരുണാകര വിരോധിയെ മത്സരിപ്പിച്ചതിലൂടെയെന്നും പത്മജ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വിമര്‍ശിച്ചു.
കെ കരുണാകരനെയും, ഭാര്യയെയും അപമാനിച്ചയാളെ മത്സരിപ്പിച്ചത് അവരെ സ്നേഹിക്കുന്ന പാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകരെ വീണ്ടും വേദനിപ്പിച്ചിരിക്കുന്നു. രാഷ്ട്രീയത്തിൽ സംസ്‌കാരശൂന്യമായി മാത്രം സംസാരിക്കുന്ന ഈ കരുണാകര വിരോധിയെ പാലക്കാട്ടെ കോൺഗ്രസുകാർ വേണ്ട രീതിയിൽ കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ലെന്നും പത്മജ കുറിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
രാഹുല്‍ മാങ്കൂട്ടത്തിലിന് പകരം വേറെ ആണ്‍കുട്ടി ഇല്ലേ എന്നും ചോദിച്ച പത്മജ കെ മുരളീധരന് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചെന്നും കുറ്റപ്പെടുത്തി. 'പാലക്കാട് ശ്രീ രാഹുൽ മങ്കൂട്ടം മത്സരിക്കുന്നു എന്ന് കേട്ടു. ഞാൻ പറഞ്ഞതെല്ലാം ശരിയായി വരുന്നു. പാലക്കാട് ഒരു ആൺകുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാൻ? കെ കരുണാകരന്‍റെ കുടുംബത്തെ ( പ്രത്യേകിച്ച് ഞങ്ങളുടെ അമ്മയെ ) കരി വാരിപൂശിയ ഇയാളെ മാത്രമേ കോൺഗ്രസുകാര്‍ക്ക് കിട്ടിയുള്ളൂ ഇലക്ഷന് മത്സരിപ്പിക്കാൻ? കെ മുരളീധരന്‍റെ പേര് കേട്ടിരുന്നു. ഞാൻ അപ്പോഴേ പറഞ്ഞു കെ കരുണാകരന്‍റെ മകന് അവർ സീറ്റ് കൊടുക്കില്ല എന്ന്. പറഞ്ഞത് ശരിയായില്ലേ? പാലക്കാട് ജില്ലാ നേതൃത്വം ഒറ്റകെട്ടായി പറഞ്ഞിട്ടും സംസ്ഥാന നേതൃത്വം കെ മുരളീധരന് സീറ്റ് നിഷേധിച്ചു,' എന്നും അവര്‍ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ വിമര്‍ശിച്ചു.
ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര, നിയമസഭാ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയും പാലക്കാട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ മുൻ എംപി രമ്യ ഹരിദാസുമാണ് സ്ഥാനാര്‍ഥികള്‍. സംസ്ഥാന നേതൃത്വത്തി പട്ടികയ്ക്ക് ഹൈക്കമാൻഡ് അംഗീകാരം നൽകുകയായിരുന്നു.
Read Also:വയനാട് പ്രിയങ്കയ്‌ക്ക് തന്നെ, പാലക്കാട്ട് രാഹുലും ചേലക്കരയില്‍ രമ്യയും; യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു