വയനാട്: കടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പ് പോരാട്ടം അവസാനിച്ചു. മത്സരിച്ച രണ്ടിടങ്ങളിലും വമ്പന്‍ വിജയം നേടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വയനാട്ടില്‍ 3.6 ലക്ഷം വോട്ടിനും ഉത്തര്‍പ്രദേശിലെ റായ്‌ബറേലിയില്‍ 3.7 ലക്ഷം വോട്ടിനുമാണ് രാഹുല്‍ വിജയിച്ചത്.
മത്സരത്തിനിറങ്ങിയ രണ്ടിടങ്ങളിലും വിജയിച്ചതിനാല്‍ ഏതെങ്കിലും ഒരിടം രാഹുല്‍ ഗാന്ധിക്ക് ഉപേക്ഷിക്കേണ്ടി വരും. അത് വയനാട് ആയിരിക്കുമോ അതോ റായ്‌ബറേലി ആയിരിക്കുമോയെന്ന ചര്‍ച്ചകളാണിപ്പോള്‍ പുരോഗമിക്കുന്നത്.
രാഹുല്‍ ഗാന്ധി റായ്‌ബറേലി നിലനിര്‍ത്തി വയനാട് മണ്ഡലം ഒഴിയുമെന്ന വാര്‍ത്തകള്‍ വയനാട്ടില്‍ പ്രചരിക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി യാതൊന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല. രാഹുല്‍ വയനാട് കൈവിടുമെന്ന് വാര്‍ത്തകള്‍ക്കൊപ്പം തന്നെ സഹോദരി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തുമെന്ന വാര്‍ത്തകളുമുണ്ട്.
ഇക്കാര്യത്തില്‍ സംശയം നിഴലിക്കെ പലരും ഉപതെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലുമാണ്. എന്നാല്‍ വിഷയത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇടിവി ഭാരതിനോട് പ്രതികരിച്ചു. രാഹുല്‍ ഗാന്ധി വയനാട് സീറ്റ് നിലനിര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധി മണ്ഡലം ഉപേക്ഷിക്കില്ലെന്ന് പലതവണ ആവർത്തിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വയനാടിനോട് അദ്ദേഹത്തിന് വൈകാരികമായ അടുപ്പമുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം പരിഗണിച്ചാല്‍ രാഹുല്‍ ഗാന്ധി വയനാട് ഉപേക്ഷിക്കാനുള്ള സാധ്യത വിരളമാണ്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് രാഹുല്‍ ഗാന്ധി വയനാടില്‍ വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജയെ 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചാണ് വിജയം നേടിയത്. സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ച സ്ഥാനാര്‍ഥിയും രാഹുല്‍ ഗാന്ധിയാണ്.
എല്‍ഡിഎഫിന് 2,80,331 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന് 1,39,677 വോട്ടുകളുമാണ് ലഭിച്ചത്. സംസ്ഥാനത്ത് തന്നെ മികച്ച നേട്ടമുണ്ടായ ഈ മണ്ഡലം വിട്ട് രാഹുല്‍ ഗാന്ധി പോകുമോയെന്നതും ഉയരുന്ന ചോദ്യമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താനൊരു വയനാട്ടുകാരാനായി മാറിയെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. വിഷയത്തില്‍ പല അഭിപ്രായങ്ങളും ഉയരുന്നുണ്ടെങ്കിലും രാഹുല്‍ ഗാന്ധിയുടെ മനസറിഞ്ഞ് എഐസിസിക്ക് മാത്രമെ അന്തിമ തീരുമാനം എടുക്കാനാകൂവെന്നതാണ് വാസ്‌തവം.
റായ്‌ബറേലിയിലേതും സമാന സാഹചര്യം തന്നെയാണ്. 2014ലും 2019ലും സോണിയ ഗാന്ധി മത്സരിച്ച മണ്ഡലമാണ് റായ്‌ബറേലി. കഴിഞ്ഞ തവണ 1.67 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാര്‍ഥി ദിനേഷ് പ്രതാപ് സിങ്ങിനെ സോണിയ പരാജയപ്പെടുത്തിയത്. റായ്‌ബറേലിയില്‍ അമ്മക്കൊപ്പം പോരാടിയ എതിരാളി തന്നെയാണ് ഇക്കുറി രാഹുല്‍ ഗാന്ധിക്കെതിരെയും തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. ഇത്തവണയും റായ്‌ബറേലിയില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ തൂത്തുവാരി.
ഹിന്ദി ഹൃദയ ഭൂമിയില്‍ കോണ്‍ഗ്രസിനുള്ള ഈ സ്വീകാര്യതയാകട്ടെ കോണ്‍ഗ്രസിന് കണ്ടില്ലെന്ന് നടിക്കാനും കഴിയില്ല. കോണ്‍ഗ്രസ് പാരമ്പര്യമുള്ള ഈ മണ്ണില്‍ ഗാന്ധി കുടുംബത്തിന് വൈകാരിക അടുപ്പവുമുണ്ട്. അതും വയനാട് വിടുമോയെന്ന സംശയത്തിന് ആക്കം കൂട്ടുന്നുണ്ട്. രണ്ടിടങ്ങളില്‍ ഏതെങ്കിലും ഒന്ന് രാഹുല്‍ കൈവിടേണ്ടി വരുമെന്നത് ഉറപ്പാണ്. രണ്ടില്‍ ഏത് എന്നതാണ് സംശയം. മാത്രമല്ല ഒഴിഞ്ഞാല്‍ അടുത്തത് ആരായിരിക്കും എന്നതും മറ്റൊരു ചോദ്യ ചിഹ്നമാണ്.
രണ്ട് സീറ്റിലും രാഹുലിന് പകരക്കാരനായി പ്രിയങ്കയെ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രിയങ്ക എത്തുകയാണെങ്കില്‍ അത് വയനാട്ടിലെ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ പുതിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചേക്കും.
Also Read:വയനാട്ടിൽ വിജയം കൊയ്‌ത് രാഹുല്‍ ഗാന്ധി ; വിജയിച്ചത് 3,64,422 വോട്ടുകൾക്ക്