ന്യൂഡല്‍ഹി :തന്‍റെ ഒരു മാസത്തെ മുഴുവന്‍ വേതനവും വയനാട്ടിലെ ദുരിത ബാധിതര്‍ക്കായി സംഭാവന ചെയ്‌ത് കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. ദുരന്തത്തില്‍ ജീവിതം തകര്‍ന്ന വയനാടിനെ പുനര്‍നിര്‍മിക്കാനായി എല്ലാവരും അവരവരുടെ കഴിവിനനുസരിച്ച് സംഭാവന ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
വയനാട്ടിലെ നമ്മുടെ സഹോദരി സഹോദരന്‍മാര്‍ സമാനതകളില്ലാത്ത ദുരന്തത്തിലൂടെയാണ് കടന്ന് പോകുന്നത്. അവര്‍ക്കുണ്ടായ നഷ്‌ടം പരിഹരിക്കാന്‍ നമ്മുടെ പിന്തുണ കൂടിയേ തീരൂ. താന്‍ ഒരുമാസത്തെ മുഴുവന്‍ വേതനവും വയനാടിന് വേണ്ടി സംഭാവന ചെയ്യുന്നു. ഓരോ ഇന്ത്യാക്കാരനും അവരവര്‍ക്ക് കഴിയുന്നത് പോലെ വയനാടിന് വേണ്ടി സംഭാവന ചെയ്യണമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
നമ്മുടെ രാജ്യത്തെ ഏറ്റവും മനോഹരമായ പ്രദേശങ്ങളില്‍ ഒന്നാണ് വയനാട്. അവിടുത്തെ ജനങ്ങളുടെ ജീവിതം പുനര്‍നിര്‍മിക്കാന്‍ നമുക്ക് കൈകോര്‍ക്കാം. ഐഎന്‍സി കേരള ഫണ്ടിലൂടെ എല്ലാവര്‍ക്കും സുരക്ഷിതമായി സംഭാവന ചെയ്യാനാകും.
വയനാട് ദുരന്തത്തില്‍ നിന്ന് മെല്ലെ പുറത്ത് വരികയാണ്. ഉടന്‍ തന്നെ രാജ്യമെമ്പാടും നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് ഉടന്‍ തന്നെ ഇവിടേക്ക് എത്താനാകും.
സർക്കാരിന്‍റെ ഔദ്യോഗിക കണക്ക് പ്രകാരം 231 പേരുടെ ജീവനാണ് ഉരുൾപൊട്ടലിൽ പൊലിഞ്ഞത്. 62 കുടുംബങ്ങൾ ഒരാൾ പോലും ബാക്കിയാവാതെ പൂർണമായും ഇല്ലാതായി. 183 വീടുകൾ ഒരു രാത്രികൊണ്ട് അപ്രത്യക്ഷമായി.