പിവി അൻവർ സംസാരിക്കുന്നു (ETV Bharat) തിരുവനന്തപുരം : പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കതിരെ താൻ ഉന്നയിച്ച വിഷയങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് പിവി അൻവർ എംഎൽഎ. എഡിജിപി എംആര്‍ അജിത് കുമാര്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി എന്നിവര്‍ക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പരാതി നൽകിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി സെക്രട്ടറിയെ കാണും എന്ന് നേരത്തേ പറഞ്ഞതാണ്. മുഖ്യമന്ത്രിക്ക് കൊടുത്തതു പോലെ പരാതി പാര്‍ട്ടി സെക്രട്ടറിക്കും കൊടുത്തു. സംഭവത്തെ കുറിച്ച് അദ്ദേഹം വിശദമായി ചോദിച്ചറിഞ്ഞു. ബാക്കി കാര്യങ്ങള്‍ സര്‍ക്കാരും പാര്‍ട്ടിയും തീരുമാനിക്കുമെന്ന് പിവി അൻവർ പറഞ്ഞു.
ഇതൊരു അന്തസുള്ള പാര്‍ട്ടിയും മുഖ്യമന്ത്രിയും സര്‍ക്കാരുമാണ്. അവര്‍ക്കു മുന്നിലാണ് പരാതി കൊടുത്തത്. ബാക്കി കാര്യങ്ങൾ തീരുമാനിക്കേണ്ടത് അവരാണ്. ജനങ്ങളുടെ മുന്നിലാണ് താൻ കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.
ഹെഡ്‌മാസ്‌റ്ററെ കുറിച്ച് ഗുരുതരമായൊരു പരാതി വന്നാൽ അവിടെയുള്ള അധ്യാപകനും പ്യൂണും ബെല്ലടിക്കുന്നവനുമാണോ അന്വേഷിക്കുക എന്ന് അൻവർ പരിഹസിച്ചു. നടപടി ക്രമങ്ങള്‍ കൃത്യമായി തന്നെ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹെഡ്‌മാസ്‌റ്റര്‍ കസേരയില്‍ ഇരിക്കുമ്പോള്‍ പ്യൂണ്‍ അന്വേഷിക്കുമെന്ന് തോന്നുന്നില്ലെന്ന് അൻവർ വിമർശിച്ചു. കേസിൽ കാര്യക്ഷമമായ നീതിപൂര്‍വമായ അന്വേഷണം നടക്കുമെന്നും കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നുമാണ് ഇപ്പോഴും കരുതുന്നതെന്നും പിവി അൻവർ പറഞ്ഞു.
'മുഖ്യമന്ത്രിക്ക് വീഴ്‌ച സംഭവിച്ചുവെന്ന് ഞാന്‍ കരുതുന്നില്ല. മുഖ്യമന്ത്രി വിശ്വസിച്ച് ഏല്‍പ്പിച്ചവര്‍ ആ വിശ്വാസ്യത നിറവേറ്റിയില്ല. അവരാണ് ചതിച്ചത്. അവര്‍ക്കാണ് ഉത്തരവാദിത്വം, മുഖ്യമന്ത്രിക്കല്ല' എന്ന് അദ്ദേഹം വ്യക്തമാക്കി.
തന്‍റെ പോരാട്ടം ഫലം കാണാന്‍ ഇനിയും സമയമെടുക്കും. വിപ്ലവം ജനകീയ മുന്നേറ്റമായാണ് ഉണ്ടാവുക. അഴിമതിക്കും അക്രമത്തിനുമെതിരെ പ്രവര്‍ത്തിക്കുന്ന ലോബിക്കെതിരായ ജനകീയ സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വിപ്ലവമായി ഇത് മാറും.
'എംഎല്‍എ അന്വേഷിക്കണം തെളിവ് കൊടുക്കണം കുറ്റവാളികളെ ജയിലിലാക്കണം എന്ന മട്ടിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഞാന്‍ നല്‍കിയത് തെളിവുകളിലേക്കുള്ള സൂചന തെളിവുകള്‍ മാത്രമാണ്. അത് അന്വേഷിച്ച് തെളിവ് കണ്ടെത്തേണ്ടത് അന്വേഷണ ഏജന്‍സിയാണ്. അവര്‍ അന്വേഷിക്കുന്ന ഘട്ടത്തില്‍ ബാക്കി തെളിവുകള്‍ കൂടി നല്‍കും.
അതേസമയം എഡിജിപിക്കും എസ്‌പിക്കുമെതിരെ നടപടിയെടുക്കാത്തത് ഭയം കാരണമാണെന്ന് കരുതുന്നില്ലെ'ന്ന് അൻവർ പറഞ്ഞു. നടപടിക്രമം പാലിച്ചു മാത്രമേ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാവൂ. എന്നാൽ സത്യസന്ധരായ ഉദ്യോഗസ്ഥരാകണം ഈ കേസ് അന്വേഷിക്കേണ്ടത്. അല്ലെങ്കില്‍ താന്‍ കള്ളനായിപ്പോകും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
'അന്വേഷണ സംഘത്തെ മാറ്റണമെന്ന് ഞാന്‍ ഇപ്പോള്‍ പറയില്ല. അന്വേഷണം എങ്ങോട്ടാണ് പോകുന്നതെന്ന് നോക്കാം. അന്വേഷണ സംഘം എഡിജിപിക്ക് വിധേയനായാണ് അന്വേഷണം നടത്തുന്നതെങ്കില്‍ അവര്‍ മറുപടി പറയേണ്ടി വരും. അങ്ങനെ ആരെയെങ്കിലും അവർ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ തന്നെ നേരിട്ട് ചെന്ന് ചോദ്യം ചെയ്യും. വ്യാജ അന്വേഷണം നടത്തി ആരെയെങ്കിലും രക്ഷിച്ചു കളയാമെന്ന വ്യാമോഹം ഒരന്വേഷണ ഉദ്യോഗസ്ഥനും വേണ്ടെ'ന്ന് പിവി അൻവർ വ്യക്തമാക്കി.
Also Read:'പാര്‍ട്ടിക്കും ദൈവത്തിനും മുന്നില്‍ മാത്രമേ കീഴടങ്ങു, പരാതി പാര്‍ട്ടി നേതൃത്വം ചര്‍ച്ച ചെയ്യും'; പി വി അന്‍വര്‍