തിരുവനന്തപുരം: പാർട്ടിക്കാരനല്ലാതിരുന്നിട്ടും പാർട്ടിക്കാരേക്കാൾ ആവേശത്തോടെ സിപിഎമ്മിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും നെഞ്ചോട് ചേര്‍ത്തിരുന്ന പി വി അൻവറിൽ നിന്ന് മുഖ്യമന്ത്രിക്ക് കടുംവെട്ട്. വെട്ടെന്നാൽ ഒരു വെട്ടല്ല, വെട്ടി കണ്ടം തുണ്ടമാക്കി എന്ന് പറയാം. ലോക്‌സഭ തെരഞ്ഞെടുപ്പോടെ സിപിഎമ്മിൽ ഉരുണ്ടു കൂടിയ അമർഷം പലരും കടിച്ചമർത്തിയപ്പോൾ പാർട്ടിക്കുള്ളിൽ എല്ലാം സേഫ് എന്ന പ്രതീതിയാണ് ഇന്ന് അന്‍വർ പൊളിച്ചടുക്കിയത്.
ഇന്നലെ വരെ അൻവർ പിതൃതുല്യനെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി ഇന്ന് കെട്ടുപോയ സൂര്യനായി. താൻ എഴുതിക്കൊടുത്ത ആരോപണങ്ങൾ സിറ്റിങ് ജഡ്‌ജിയെ കൊണ്ട് അന്വേഷിക്കാൻ അവർ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. കേരളത്തിൽ ഉദ്യോഗസ്ഥരുടെ ഭരണമാണെന്നും പാർട്ടി സഖാക്കൾക്കും നാനാ പക്ഷങ്ങൾക്കും പൊലീസ് സ്റ്റേഷനുകളിൽ നിന്ന് നീതി കിട്ടുന്നില്ലെന്നുമാണ് അന്‍വർ ഉയർത്തുന പരാതി.
സ്വർണക്കടത്തുമായി ബന്ധപ്പെടുത്തി മലപ്പുറത്തെ ചില പ്രത്യേക സമുദായത്തെ പരാമർശിക്കുക വഴി വർഗീയ കലാപം ലക്ഷ്യമിട്ടുള്ള സംഘ പരിവാറിനെ സന്തോഷിപ്പിക്കുകയാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന അതീവ ഗുരുതര ആരോപണം ഉയർത്തുക മാത്രമല്ല, തൃശൂർ പൂരം ബിജെപിക്ക് വേണ്ടി കലക്കിയതിന്‍റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് നേരെ തിരിക്കുകയും ചെയ്‌തു. മുഖ്യമന്ത്രിയുടെ ഗ്രാഫ് 100- ൽ നിന്ന് പൂജ്യമായി താഴ്ന്നു എന്ന് പറയുക മാത്രമല്ല, കേരളത്തിലെ അവസാനത്തെ കമ്മ്യണിസ്റ്റ് മുഖ്യമന്ത്രി എന്ന പദവും അദ്ദേഹത്തിന് ചാർത്തി നൽകി അന്‍വര്‍.