കണ്ണൂര്‍: ഉത്തര കേരളത്തിലെ നാട്ടുപരദേവതയായ പുതിയ ഭഗവതി കുടക് നാട്ടിലെ ഗ്രാമദൈവമാണ്. മലയാളനാട്ടിലെ ദൈവം കുടകിലെ ബ്രാഹ്മണപദവിയുള്ള അമ്മകുടകരുടേയും ഗൗഡന്‍മാരുടേയും ആരാധന മൂര്‍ത്തിയാണ്. മലയാളികളായ കോലധാരിയും രൗദ്രതാളക്കാരും മുറതെറ്റാതെ കുടകിലെ പൊന്നലം വയലില്‍ തെയ്യാട്ടം നടത്തുന്നു. ആചാരാനുഷ്‌ഠാനങ്ങളില്‍ ഉത്തര കേരളത്തില്‍ കാര്യമായ മാറ്റങ്ങള്‍ വന്നെങ്കിലും കുടകില്‍ കഠിനമാണ് തെയ്യാട്ടം.
രണ്ട് നൂറ്റാണ്ട് മുമ്പുളള പട്ടോല നോക്കിയാണ് ഇന്നും ഇവിടെ തിറയാട്ടം നടത്തുന്നത്. ഭഗവതിക്ക് മേലേരി തീര്‍ക്കാന്‍ അധികാരപ്പെട്ട ദേശവാസികളുടെ കുടുംബങ്ങളില്‍ നിന്ന് മരക്കുട്ടകളെത്തിക്കും. ഭഗവതിയുടെ ആടകള്‍ക്ക് ചുറ്റുമുള്ള പന്തങ്ങള്‍ തെയ്യം കഴിയുന്നതു വരെ ആളിക്കത്തണം. ഭക്തജനങ്ങള്‍ പശുവിന്‍ നെയ്യും വെളിച്ചെണ്ണയും ധാര ചെയ്‌ത് നേര്‍ച്ച നിറവേറ്റുന്നു.
ദക്ഷിണ കന്നഡത്തിലെ വില്ലാപുരത്തു നിന്ന് പ്രതികാര ദേവതയായി കോലത്തു നാട്ടിലെത്തിയ ദൈവമാണ് പുതിയ ഭഗവതി. വില്ലാപുരം കോട്ടപ്പടി അഗ്നിക്കിരയാക്കി അറുപത്തിനാല് പുഴകള്‍ കടന്നാണ് ഭഗവതി കോലത്തു നാട്ടില്‍ പ്രവേശിച്ചതെന്നാണ് പറയപ്പെടുന്നത്. ഉത്തര കേരളത്തിലെത്തിയ ഭഗവതിക്ക് തിറ കൽപിക്കുകയും കളിയാട്ടം നടത്തുകയും ചെയ്‌തു പോന്നു.
അതിനിടെയാണ് പയ്യാവൂരിലെ ഊട്ടുത്സവത്തിന് കുടകിലെ പ്രമുഖ തറവാട്ടുകാരായ തെക്കന്‍, വടക്കന്‍, പടിഞ്ഞാറന്‍, വട്ടപ്പിറോന്‍, മുണ്ടയോടന്‍ എന്നീ അഞ്ച് തറവാട്ടു കാരണവന്‍മാര്‍ എത്തിയത്. തിരിച്ച് കുടകിലേക്ക് മലകയറി പോകവേ ഉഡുബപ്പുഴയില്‍ കുളിക്കാനിറങ്ങി. കുളിക്കിടയില്‍ പ്രത്യേക രീതിയിലുള്ള ഒരു കല്ല് ശ്രദ്ധയില്‍ പെട്ടു. കല്ലിലെ ദൈവികത കണ്ട് കാരണവന്‍മാര്‍ തങ്ങളുടെ സ്വന്തം ഗ്രാമത്തില്‍ അതിന് സ്ഥാനം നല്‍കി. ചെയ്‌നറനയിലെ പൊന്നലം വയലില്‍ സ്ഥാനം നല്‍കപ്പെട്ടതോടെ മലയാള ദൈവം കുടക് നാട്ടില്‍ ദേവിയായി. ഗ്രാമത്തിന്‍റെ സംരക്ഷകയായി.