കണ്ണൂർ : പുലിമുട്ട് നിർമാണം പാതിവഴിയിൽ മുടങ്ങിയതോടെ അഴിമുഖം അടഞ്ഞ് ദുരിതത്തിലായിരിക്കുകയാണ് പാലക്കോട് ഫിഷ് ലാൻഡിങ് സെൻ്ററിലെയും പുതിയങ്ങാടിയിലെയും മത്സ്യത്തൊഴിലാളികൾ. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി വള്ളങ്ങളാണ് പാലക്കോട് ഹാർബറിലും, പുഴയിലും കുടുങ്ങിയത്. 75 ഓളം ബോട്ടുകളും 600 ലേറെ മത്സ്യത്തൊഴിലാളികളും പാലക്കോട് ഹാർബറിനെ ആശ്രയിക്കുന്നുണ്ട്.
പാലക്കോട് ഫിഷ് ലാൻഡിങ് സെന്‍റർ കേന്ദ്രീകരിച്ചും പുതിയങ്ങാടി കേന്ദ്രീകരിച്ചും മത്സ്യ ബന്ധനം നടത്തുന്ന ബോട്ടുകൾ പാലക്കോട് പുഴയിലാണ് സൂക്ഷിക്കാറുളളത്. മണലടിഞ്ഞ് അഴിമുഖം അടഞ്ഞതോടെ ബോട്ടുകൾക്ക് കടലിലേക്കിറങ്ങാൻ സാധിക്കാതെയായി. പുലിമുട്ട് നിർമാണം പൂർത്തിയായാൽ അഴിമുഖം അടയുന്ന പ്രശ്‌നം പരിഹരിക്കാമെന്നാണ് കരുതിയിരുന്നത് എങ്കിലും, ആ സ്വപ്‌നം അടുത്ത കാലത്തൊന്നും പൂർത്തിയാകില്ല എന്ന സ്ഥിതിയിലാണ്.