കണ്ണൂർ: കൊവിഡാനന്തരം നമ്മുടെ കുട്ടികൾക്ക് എന്താണ് പറ്റിയത്. ഞെട്ടിപ്പിക്കുന്ന 'ഗ്യാങ് വാറുകള്‍'ക്കാണ് പലപ്പോഴും നമ്മുടെ വിദ്യാലയങ്ങള്‍ സാക്ഷിയാവുന്നത്. മനുഷ്യനെ മനുഷ്യനെന്ന് പോലും തിരിച്ചറിയാത്ത വിധത്തിലേക്ക് ഹൈസ്‌കൂൾ, ഹയർസെക്കന്‍ററി കുട്ടികൾക്കിടയിൽ ക്രിമിനൽ വാസന രൂപപ്പെട്ട് വരുകയാണ്. വിഷയത്തില്‍ പ്രശസ്‌ത മനസാസ്ത്ര വിദഗ്‌ധനായ ഇഡി ജോസഫ് ഇടിവി ഭാരതിനോട് സംസാരിക്കുന്നു...
കൊവിഡാനന്തരം മാറിയ ജീവിതം:കൊവിഡ് മഹാമാരിയും മാറിയ കുടുംബ ജീവിതവും, മൊബൈലിന്‍റെ അതിവളർച്ചയുമെല്ലാം വിദ്യാർഥികളുടെ ജീവിതത്തെ നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് ഹൈസ്‌കൂൾ ക്ലാസുകളിൽ പഠിച്ചവരാണ് ഇപ്പോൾ മിക്ക ഹയർ സെക്കന്‍ററി ബാച്ചുകളിലും ഉള്ളത്.
കൊവിഡ് സമയത്ത് അലസമായി ദിവസങ്ങൾ കഴിച്ചുകൂട്ടിയ കുട്ടികളിൽ മിക്കവർക്കും ഇപ്പോൾ ഒരു കാര്യത്തിലും കൃത്യനിഷ്‌ഠത ഇല്ലാതായി. പലരെയും ഇന്ന് നിയന്ത്രിക്കുന്നത് മൊബൈൽ ഫോൺ ആണ്. ചിലർക്കൊക്കെ അതൊരു രോഗമായും മാറിയെന്ന് മനസാസ്ത്ര വിദഗ്‌ദനായ ഇഡി ജോസഫ് പറയുന്നു.
ലഹരി ഉപയോഗം ആണെങ്കിൽ പലരിലും പിടികിട്ടാത്ത വിധം അതായത് രക്ഷിതാക്കൾ പോലും അറിയാത്ത രീതിയിൽ ആണ് വളരുന്നത്. ചിലർ രക്ഷിതാക്കളെ പോലും അനുസരിക്കുന്നില്ല എന്നതാണ് സത്യം. കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്ന് അണുകുടുംബത്തിലേക്ക് എത്തുമ്പോൾ കുട്ടികൾ കുറച്ചു കൂടി സ്വതന്ത്ര്യം ലഭിക്കുന്നു. കുട്ടികളിലെ സ്വഭാവ മാറ്റത്തിന് ഇതൊരു കാരണമാണ്.
കൊവിഡിന് ശേഷമുള്ള മൊബൈൽ ഉപയോഗവും അവരുടെ സ്വഭാവത്തിൽ മാറ്റങ്ങൾ ഉണ്ടാക്കി. ചെറിയ കാര്യത്തിന് പോലും ദേഷ്യപ്പെടുന്ന നിലയിലേക്ക് എത്തി. സഹജീവികളെ പോലും മറന്നുപോകുന്നു എന്നതാണ് മറ്റൊരു സത്യമെന്ന് ഇ ഡി ജോസഫ് പറഞ്ഞു.
മൊബൈൽ ഫോണും സിനിമയും മറ്റുമാണ് അവരുടെ ലോകം. ഒന്ന് പറഞ്ഞ് രണ്ടാമത് വെട്ടുകയും കൊല്ലുകയും ചെയ്യുന്ന സമീപകാല സിനിമകളും വിദ്യാർഥികളുടെ സ്വഭാവ മാറ്റത്തിന് കാരണമാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചെറുപ്പം മുതൽ കുട്ടികളെ രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധിക്കുക. മൊബൈൽ ഉപയോഗം പരമാവധി കുറച്ചു കൊണ്ട് വരിക എന്നതാണ് നിലവിലെ സാഹചര്യത്തിൽ ഇതിനുള്ള ഏക പ്രതിവിധിയായി ജോസഫ് പറയുന്നത്.
സീനിയർ വിദ്യാർഥികളുടെ മർദനമേറ്റ് ആശുപത്രിയിൽ കഴിയുന്ന കടവത്തൂർ വിഎച്ച്എസ്എസ് പ്ലസ് വൺ വിദ്യാർഥി അജ്‌മലിന്‍റെ അനുഭവം ഇങ്ങനെ...:'സ്‌കൂൾ വിട്ട് ഇടവഴിയിലൂടെ പോകുമ്പോഴാണ് സീനിയർ കുട്ടികളായ 20 ഓളം പേർ അജ്‌മലിനെ തടഞ്ഞുവെച്ചത്. ഷർട്ടിന്‍റെ ബട്ടൺ ഇട്ടില്ല എന്ന് പറഞ്ഞായിരുന്നു ആദ്യ അടി. ബട്ടൺ ഇട്ടിട്ടുണ്ടല്ലോ എന്നു പറഞ്ഞപ്പോൾ പാട്ടു പാടാൻ പറഞ്ഞു. എന്നിട്ടും ശാന്തമാവാത്ത ആ സംഘം പിന്നെ വടികൊണ്ടും കൈകൊണ്ടുമെല്ലാം തുരുതുരെ അജ്‌മലിനെ അടിച്ചു. അജ്‌മലിന് ശരീരമാസകലം ഇപ്പോഴും വേദനയുണ്ട്. തോളും തലയും അനക്കാൻ കഴിയാത്ത അവസ്ഥയാണ്.
മുൻപ് രണ്ടു തവണ സീനിയേഴ്‌സ് ഭീഷണിപ്പെടുത്തിയിരുന്നുവെങ്കിലും പേടി കാരണം അക്കാര്യം അജ്‌മൽ വീട്ടിലും സ്‌കൂളിലും പറഞ്ഞിരുന്നില്ല. തന്നെ പോലെ ഒന്ന് രണ്ട് കൂട്ടുകാരെയും അവർ റാഗ് ചെയ്‌തിട്ടുണ്ട് എന്ന് അജ്‌മൽ പറഞ്ഞു. പക്ഷെ സ്‌കൂളുകൾക്കിപ്പോൾ അജ്‌മലിന് കിട്ടിയ അടി ഒരു വാർത്തയെ അല്ലാതായി മാറിയിട്ടുണ്ട്.