തിരുവനന്തപുരം: രണ്ടാം ബാർ കോഴ ആരോപണം സർക്കാരിനെതിരായ ആയുധമാക്കി പ്രതിപക്ഷം ആഞ്ഞടിച്ചതോടെ നിയമസഭയുടെ ആദ്യ ദിനത്തിൽ നടപടികൾ തടസപ്പെട്ടു. സർക്കാരിൻ്റെ വരാനിരിക്കുന്ന പുതിയ മദ്യ നയത്തിൽ സ്വാധീനം ചെലുത്താൻ ബാർ ഹോട്ടൽ ഉടമകൾ 2.5 ലക്ഷം രൂപ വീതം പിരിക്കുന്നതു സംബന്ധിച്ച് പുറത്തു വന്ന ശബ്‌ദ സന്ദേശം ആയുധമാക്കി പ്രതിപക്ഷത്തു നിന്ന് റോജി എം ജോൺ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിനെ തുടർന്നുണ്ടായ ബഹളത്തിലാണ് സഭ നടപടികൾ പൂർത്തിയാക്കി നേരത്തേ പിരിഞ്ഞത്.
സംഭവത്തിനുമേൽ എക്സൈസ് മന്ത്രി ഡിജിപിക്കു നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞെങ്കിലും പ്രതിപക്ഷം തൃപ്‌തരായില്ല. കേസിൽ യഥാർഥ പ്രതിയായ ഒരാൾ വാദിയായി നൽകിയ പരാതിയിൽ പിണറായി വിജയൻ്റെ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിൽ പ്രതിപക്ഷത്തിന് തൃപ്‌തിയില്ലെന്നും സ്വതന്ത്രമായ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു.