കോഴിക്കോട്:ബംഗ്ലാദേശിലെ ഹിന്ദു നേതാവ് ചിൻമോയ് കൃഷ്‌ണ ദാസിൻ്റെ അറസ്‌റ്റിനെ അപലപിച്ച് കാന്തപുരം എ പി അബൂബക്കർ മുസലിയാർ. ചിന്‍മോയ് ദാസിന്‍റെ അറസ്‌റ്റ് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ അക്രമത്തിനും സംഘർഷത്തിനും കാരണമായി. ബംഗ്ലാദേശിലെ നൂനപക്ഷ സമുദായങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും കാന്തപുരം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സാധാരണ ജനങ്ങൾക്കിടയിൽ വൈകാരിക പ്രതികരണങ്ങൾ ഉണ്ടാക്കുന്നതോ, വർഗീയ വിഭജനം സൃഷ്‌ടിക്കുന്നതോ ആയ നടപടികളിൽ നിന്ന് സർക്കാരുകൾ വിട്ടുനിൽക്കണം. സമാധാനവും ഐക്യവും കൊണ്ടുവരുകയും വർഗീയത ഇല്ലാതാക്കുകയും ചെയ്യുന്ന നടപടികൾ കൈക്കൊള്ളാനും അദ്ദേഹം ബംഗ്ലാദേശ് സർക്കാരിനോട് അഭ്യർഥിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ബംഗ്ലാദേശിന് ക്രിയാത്മകമായ പിന്തുണ നൽകണമെന്നും കാന്തപുരം ഇന്ത്യൻ സർക്കാരിനോടും ആവശ്യപ്പെട്ടു. ന്യൂനപക്ഷ സമുദായങ്ങളുടെ പാർശ്വവത്കരണം തടയുന്നതിനും സഹവർത്തിത്വം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ട കൂട്ടായ പരിശ്രമത്തിൻ്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം പറഞ്ഞു.
ചിന്‍മോയ് ദാസിന്‍റെ അറസ്റ്റ്:നവംബർ 25നാണ് രാജ്യദ്രോഹ കുറ്റം ചുമത്തി ഇസ്‌കോൺ ആചാര്യനായ ചിന്‍മോയ് ദാസിനെ മുഹമ്മദ് യൂനസ് സർക്കാർ അറസ്‌റ്റ് ചെയ്‌തത്. ഒക്‌ടോബറിൽ ചിറ്റഗോങ്ങിൽ നടന്ന ഒരു റാലിയിൽ ബംഗ്ലാദേശ് പതാകയോട് അനാദരവ് കാണിച്ചുവെന്നാരോപിച്ച് 1860 ലെ ശിക്ഷാ നിയമപ്രകാരം രജിസ്‌റ്റർ ചെയ്‌ത കേസിലാണ് അറസ്‌റ്റ്. ചിന്‍മോയിയുടെ ജാമ്യാപേക്ഷ മെട്രോപൊളിറ്റൻ കോടതി പരിഗണിക്കവെ ഒരു അഭിഭാഷകനും ചിന്‍മോയിക്ക് വേണ്ടി ഹാജരാകത്തതിനെ തുടര്‍ന്ന് കേസില്‍ വാദം കേള്‍ക്കുന്നത് ജനുവരി രണ്ടിലേക്ക് മാറ്റിവച്ചു. ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് രാജ്യത്തുടനീളം ആക്രമണങ്ങളും പ്രതിഷേധങ്ങളും നടക്കുന്നുണ്ട്.
ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ:ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് പ്രത്യേകിച്ച് ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. മാസങ്ങൾ നീണ്ട വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് ഷെയ്ഖ് ഹസീന ഓഗസ്‌റ്റിൽ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് നാടുവിട്ടിരുന്നു. തുടർന്ന് ഇന്ത്യ ഹസീനക്ക് അഭയം കൊടുത്തു. ഇത് ഇരുരാജ്യങ്ങള്‍ക്കിടയിലും അതൃപ്‌തിക്ക് ഇടയാക്കിയിട്ടുണ്ട്. മുഹമ്മദ് യൂനുസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരാണ് നിലവില്‍ ബംഗ്ലാദേശ് ഭരണം കൈയ്യാളുന്നത്.
Also Read:ചിൻമോയ് കൃഷ്‌ണ ദാസിന് വേണ്ടി അഭിഭാഷകൻ എത്തിയില്ല; ജാമ്യാപേക്ഷ ജനുവരി രണ്ടിന്