"പണ്ടാരോ പറഞ്ഞത് തെറ്റ്. മനുഷ്യന്‍ തനിച്ചല്ല മരിക്കുന്നത്. ജീവിച്ചിരിക്കുമ്പോഴാണ് അവന്‍ തനിയെ.." മലയാളി നെഞ്ചോട് ചേര്‍ത്ത 'സുകൃതം' എന്ന ചലച്ചിത്രത്തിന്‍റെ അവസാന രംഗത്തിനു വേണ്ടി എംടി എഴുതിയ വരികളാണിത്.
"ഗംഗ ശാന്തമാണ് . വളരെ നേര്‍ത്ത അലകള്‍. ഒരു നെടുവീര്‍പ്പിട്ട ശേഷം വിശ്രമിക്കാനൊരുങ്ങുകയാണ്." മരണം ചുറ്റുപാടും നിറയുന്ന കാശിയുടെ പശ്ചാത്തലത്തില്‍ എം ടി എഴുതിയ അവസാന നോവല്‍ വാരണാസിയിലെ മരണത്തിന്‍റ ഗന്ധമുള്ള വാക്കുകള്‍.
ജീവിതത്തിന്‍റെ അനാഥത്വം ഉപേക്ഷിച്ച്, ആൾക്കൂട്ടത്തിൽ തനിയെ ആയിപ്പോയ ഒരു മനുഷ്യന്‍റെ രക്ഷപ്പെടലായാണ് പലപ്പോഴും എംടി മരണത്തെ എഴുതിയത്. നാട്ടിൻപുറത്തിന്‍റെ തനിമകൊണ്ടും ഗൃഹാതുരത്വത്തിന്‍റെ നനവു കൊണ്ടും ഭാഷാപ്രേമികളെ എഴുത്തിന്‍റെ ലോകത്ത് പിടിച്ചിരുത്തിയ അപൂർവ്വ പ്രതിഭ കൂടിയായിരുന്നു എം ടി. അക്ഷരങ്ങൾ കൊണ്ട് അത്ഭുതങ്ങൾ സൃഷ്‌ടിക്കുന്ന അസാമാന്യ മനുഷ്യന്‍, അനുഗ്രഹിക്കപ്പെട്ട എഴുത്തുകാരൻ... വായനക്കാരനെ കഥാപാത്രമാക്കി മാറ്റുന്ന മായാജാല വിദ്യ എം ടി യുടെ തൂലികത്തുമ്പിൽ ഭദ്രമായിരുന്നു.
ഒരു കാലഘട്ടത്തിന്‍റെ ചരിത്രാവശേഷിപ്പുകളെന്നോ ഓർമ്മപ്പെടുത്തലുകൾ എന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന കൃതികൾ ആണ് എംടിയുടേത്. കാലത്തെ അതിജീവിക്കാൻ കെൽപ്പുള്ള ശക്തമായ ആഖ്യാന ശൈലിയാണ് എം ടിയെ എഴുത്തിന്‍റെ പെരുന്തച്ചൻ ആക്കി മാറ്റിയത്.
കൂടല്ലൂരിന്‍റെ കഥാകാരന്‍ ഒരിക്കല്‍ പറഞ്ഞു. അക്ഷരങ്ങളാണ് എന്‍റെ സമ്പത്ത്. അക്ഷരങ്ങളെക്കൊണ്ടാണ് ഞാന്‍ ജീവിക്കുന്നത്. അതിന് അക്ഷരങ്ങളോട് നന്ദി. എഴുത്തുകാരനാവാന്‍ തോന്നിയ നിമിഷമാണ് എന്‍റെ ജീവിതത്തിലെ വഴിത്തിരിവ്.
എം ടിയെ വായിക്കാത്ത മലയാളിയില്ല. എം ടി സൃഷ്‌ടിച്ച കഥാലോകം തന്‍റേതെന്ന് ഓരോ മലയാളിയേയും കൊണ്ട് പറയിക്കുന്ന അത്രയും കൈയടക്കമുണ്ടായിരുന്നു എം ടിയുടെ ഓരോ രചനയ്ക്കും. അത്രമേല്‍ അനുഭവ തീക്ഷ്‌ണമായ കഥാ സന്ദര്‍ഭങ്ങള്‍. ആത്മ സംഘര്‍ഷങ്ങള്‍...
സാഹിത്യ കുലപതിയായി ഇന്ത്യന്‍ സാഹിത്യ നഭസില്‍ നിറഞ്ഞു നിന്നപ്പോഴും എം ടി പറഞ്ഞു. സാഹിത്യത്തിന്‍റെ പാരമ്പര്യമൊന്നും എനിക്ക് ഇല്ല. പാലക്കാട് ജില്ലയിലെ കൂടല്ലൂരിലെ മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ എന്ന വാസു എം ടിയായി വളര്‍ന്നത് സ്വന്തം പരിശ്രമം കൊണ്ട് മാത്രമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അക്ഷരങ്ങളോട് പ്രണയിച്ചും വാക്കുകളോട് ഇണങ്ങിയും പിണങ്ങിയും ചിലപ്പോള്‍ കലഹിച്ചും കൂടല്ലൂരുകാരന്‍ വാസുദേവന്‍ മലയാളത്തിന്‍റെ എം ടിയായി പരിണമിച്ചത് ഒറ്റ രാത്രി കൊണ്ടല്ല.
1933 ഓഗസ്റ്റ് 9ന് പുന്നയൂർക്കുളത്തുക്കാരന്‍ ടി നാരായണൻ നായരുടെയും കൂടല്ലൂരുകാരി അമ്മാളുവമ്മയുടെയും ഇളയ മകനായിട്ടായിരുന്നു എംടി വാസുദേവന്‍ നായരുടെ ജനനം. തൃശൂർ ജില്ലയിലെ പൂന്നയൂർക്കുളത്തും പാലക്കാട്ട് ജില്ലയിലെ കൂടല്ലൂരുമായിട്ടാണ് എംടി ചെറുപ്പക്കാലം ചെലവഴിച്ചത്. കോപ്പൻ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലായിരുന്നു പ്രാരംഭ വിദ്യാഭ്യാസം. മലമക്കാവ് എലിമെന്‍ററി സ്‌ക്കൂളിലും കുമരനെല്ലൂർ ഹൈസ്‌ക്കൂളിലുമായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.
പാലക്കാട് വിക്‌ടോറിയ കോളജിൽ ഉപരിപഠനം. രസതന്ത്രമായിരുന്നു ഐച്ഛിക വിഷയം. കോളജ് വിദ്യാഭ്യാസത്തിന് ശേഷം ഒന്ന് രണ്ട് സ്‌കൂളുകളിൽ അധ്യാപകനായി ജോലി ചെയ്‌തു.
1954ൽ പട്ടാമ്പി ബോർഡ് ഹൈസ്‌കൂളിൽ പിന്നെ ചാവക്കാട് ബോർഡ് ഹൈസ്‌കൂളിലും ഗണിത അധ്യാപകനായി ജോലി ചെയ്‌തു. 1955-56 കാലത്ത് പാലക്കാട് എം ബി ട്യൂട്ടോറിയലിലും അധ്യാപകനായി സേവനമനുഷ്‌ഠിച്ചു. പിന്നീട് മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി ജോലി ചെയ്‌തു. കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ പദവിയും എംടി വഹിച്ചിട്ടുണ്ട്. 1999 -ൽ മാതൃഭൂമിയില്‍ നിന്ന് വിരമിച്ചു.
സ്‌കൂൾ വിദ്യാഭ്യാസ കാലത്ത് തന്നെ എംടി സാഹിത്യ രചന ആരംഭിച്ചിരുന്നു. കോളജില്‍ പഠിച്ചിരുന്ന കാലത്ത് ജയകേരളം മാസികയിൽ അദ്ദേഹത്തിന്‍റെ കഥകൾ അച്ചടിച്ച് വന്നു. 'രക്തം പുരണ്ട മൺതരികൾ' എന്ന ആദ്യ കഥാസമാഹാരം പുറത്തിറങ്ങുന്നത് വിക്‌ടോറിയ കോളജിലെ ബിരുദ പഠന കാലത്താണ്.
1954-ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാ മത്സരത്തിന്‍റെ ഭാഗമായി കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം ടി യുടെ 'വളർത്തുമൃഗങ്ങൾ' എന്ന കഥ ഒന്നാം സ്ഥാനം നേടിയിരുന്നു. ഇതോടെയാണ് മലയാള സാഹിത്യ രംഗത്ത് എംടി വാസുദേവന്‍ നായര്‍ എന്ന പേര് ശ്രദ്ധ നേടുന്നത്.
എംടിയുടെ പുസ്‌തക രൂപത്തിൽ പ്രസിദ്ധീകരിച്ച ആദ്യ നോവൽ 'നാലുകെട്ട്' ആണ്. 1958ല്‍ ആണിത് പുറത്തിറങ്ങുന്നത്. ആദ്യ നോവലിന് തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. 1995-ലെ ജ്ഞാനപീഠ പുരസ്‌കാരവും നാലുകെട്ടിന് ലഭിച്ചു. പിന്നീട് 'സ്വർഗം തുറക്കുന്ന സമയം', 'ഗോപുര നടയിൽ' എന്നീ കൃതികൾക്കും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
1963 - 64 കാലത്താണ് എംടി സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. എംടിയുടെ തന്നെ കഥയായ 'മുറപ്പെണ്ണി'ന് തിരക്കഥ രചിച്ചു. 1973-ൽ ആദ്യമായി സംവിധാനം ചെയ്‌ത 'നിർമാല്യം' എന്ന ചിത്രത്തിന് രാഷ്‌ട്രപതിയുടെ അവാര്‍ഡ് ലഭിച്ചു. അമ്പതിലേറെ തിരക്കഥകള്‍ എംടി രചിച്ചിട്ടുണ്ട്. ഒരു വടക്കൻ വീരഗാഥ, സദയം, കടവ്, പരിണയം തുടങ്ങിയ ചിത്രങ്ങൾക്കും ദേശീയ പുരസ്‌കാരം ലഭിച്ചു.
കാലം എന്ന കൃതിക്ക് 1970 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, രണ്ടാമൂഴത്തിന് 1985ല്‍ വയലാർ അവാർഡ്, വാനപ്രസ്ഥം എന്ന കൃതിക്ക് ഓടക്കുഴൽ അവാർഡും ലഭിച്ചു. രണ്ടാമൂഴം എന്ന നോവൽ സിനിമയാക്കുന്നതിന് വേണ്ടി തിരക്കഥ ആക്കിയിരുന്നു എങ്കിലും സംവിധായകന്‍ ശ്രീകുമാർ മേനോനുമായുള്ള തര്‍ക്കത്തില്‍ കോടതിയിലാണ്.
മലയാള സാഹിത്യത്തിന് നൽകിയ അതുല്യ സംഭാവനകൾ കണക്കിലെടുത്ത് 1996-ൽ കാലിക്കറ്റ് സർവകലാശാല അദ്ദേഹത്തിന് ഡി. ലിറ്റ് ബിരുദം നൽകി ആദരിച്ചു. 2005-ൽ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു.
നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്ന എംടി കടുത്ത പരിസ്ഥിതിവാദി കൂടിയാണ്. നിളാ നദിയെയും ചുറ്റുമുള്ള പരിസ്ഥിതി പ്രശ്‌നങ്ങളെയും കുറിച്ച് പലപ്പോഴായി അദ്ദേഹം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. 'കണ്ണാന്തളിപൂക്കളുടെ കാലം' എന്ന പേരിൽ ഈ ലേഖന സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എംടി എന്ന രണ്ടക്ഷരത്തിൽ എഴുതിയ ഇതിഹാസ കാവ്യത്തിന്‍റെ അവസാന അധ്യായവും പൂർത്തിയാകുമ്പോൾ, തിരശീലക്ക് പുറകിലേക്ക് മറയുന്നത് മലയാള സാഹിത്യത്തിന്‍റെ പകരക്കാരനില്ലാത്ത അമരക്കാരനാണ്.
'മനസുകൊണ്ടുള്ള ഈ തീർഥയാത്രയ്ക്കും തന്‍റെ മടക്കയാത്രയ്ക്കുമുള്ള തീവണ്ടിയുടെ ചൂളംവിളിക്കായി കാതോർത്ത് സുധാകരന്‍ മുന്നോട്ടു നടന്നു. സ്‌നാന ഘട്ടങ്ങള്‍ ഉറങ്ങുന്ന , കാലഭൈരവന്‍ റോന്തു ചുറ്റുന്ന കാശിയുടെ കല്‍പ്പടവുകള്‍ കടന്ന മറ്റൊരു ഇടത്താവളത്തിലേക്ക്' എംടി എഴുത്തുപേന താഴെവക്കുകയാണ്.....