കോഴിക്കോട്:സത്യപ്രതിജ്ഞ ചെയ്‌തതിനു പിന്നാലെ വയനാട് എംപി പ്രിയങ്കാ ഗാന്ധി ഇന്ന് മണ്ഡലത്തിൽ എത്തും. രണ്ട് ദിവസത്തേക്കാണ് പ്രിയങ്കയുടെ സന്ദർശനം. ഇന്ന് വയനാട് ലോക്‌സഭ മണ്ഡലത്തിൽപ്പെട്ട മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നാല് നിയമസഭ മണ്ഡലങ്ങളിൽ പ്രിയങ്ക പര്യടനം നടത്തും. നാളെ വയനാട് ജില്ലയിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലാകും പര്യടനം. രണ്ട് ദിവസംകൊണ്ട് വയനാട് ലോക്‌സഭ മണ്ഡലത്തിലെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും എത്തി ജനങ്ങളെ നേരില്‍ കാണാനാണ് പ്രിയങ്കയുടെ തീരുമാനം.
ഇന്ന് രാവിലെ 11.30 ഓടെ കരിപ്പൂരിലെത്തുന്ന പ്രിയങ്ക പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം മുക്കത്തെ പൊതുയോഗത്തിലാണ് ആദ്യം പങ്കെടുക്കുക. തുടർന്ന് തിരുവമ്പാടിയിലെ സ്വീകരണ പരിപാടിയിലും പങ്കെടുക്കും.