വയനാട്: ബിജെപി ഭരണഘടന മൂല്യങ്ങൾ നിരന്തരം അട്ടിമറിക്കുന്നുവെന്ന് വയനാട് ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി. വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് പ്രിയങ്കയുടെ വിമര്‍ശനം. മണിപ്പൂരിലെ അക്രമങ്ങളെ പരാമർശിച്ചുകൊണ്ട്, രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ ആസൂത്രിത ആക്രമണങ്ങൾ നടക്കുകയാണെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലിക്കുന്ന സമയത്ത് എല്ലാ ദുരിതങ്ങളും നേരിട്ടാണ് നമ്മൾ ജീവിക്കുന്നത്. വിവിധ സമുദായങ്ങൾക്കിടയിൽ ഭയവും ചിദ്രതയും വിദ്വേഷവും വളർത്തി. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ നിരന്തരം ആക്രമണങ്ങൾ നടക്കുന്നു. മണിപ്പൂരിൽ എന്താണ് നടക്കുന്നതെന്ന് നമ്മൾക്കറിയാം. ഈ രാജ്യത്ത് മുഴുവൻ അവർ ഭയവും വെറുപ്പും വിദ്വേഷവും പടർത്തി കൊണ്ടിരിക്കുകയാണ്.
രാജ്യത്തെ ഭരണഘടനയുടെ മൂല്യങ്ങളെ നിരന്തരമായി ബിജെപി അട്ടിമറിച്ചു കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളെ സഹായിക്കുന്നതിന് വേണ്ടിയാണ് രാജ്യത്ത് നയങ്ങൾ നടപ്പിലാക്കുന്നത്. സാധാരണക്കാരോടും കർഷകരോടും ആദിവാസികളോടും യാതൊരു ദയയുമില്ല. ആദിവാസികളുടെ ഭൂമികൾ വൻകിടക്കാർക്ക് നൽകുന്നു.
പ്രയങ്ക ഗാന്ധി വയനാട്ടില്‍ (ETV Bharat) മിനിമം താങ്ങുവില നൽകുമെന്ന് പൊള്ളയായ വാഗ്‌ദാനം നൽകി കർഷകരെ വഞ്ചിക്കുന്നു. രാജ്യത്ത് തൊഴിലില്ലായ്‌മ ഏറ്റവും ഉയരത്തിലത്തി. മക്കളെ കഷ്‌ടപ്പെട്ട് പഠിപ്പിച്ചിട്ടും അവർക്ക് യാതൊരു ഭാവിയുമില്ല. രാത്രി യാത്ര നിരോധനത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഒരു പ്രവർത്തകൻ സമീപിച്ചിരുന്നു. ഇതടക്കം വയനാടിൻ്റെ ഓരോ പ്രശ്‌നങ്ങളേയും കുറിച്ച് എനിക്ക് ബോധ്യമുണ്ട് എന്ന് പ്രിയങ്ക പറഞ്ഞു.
ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം വയനാട്ടിലെത്തിയപ്പോഴാണ് ബുദ്ധിമുട്ടുന്ന ജനങ്ങളെ എങ്ങനെയാണ് ഈ ജനത സഹായിക്കുന്നതെന്ന് മനസിലായത്. വയനാട്ടുകാർ ജാതിയോ മതമോ മറ്റു കാര്യങ്ങളോ നോക്കാതെ എല്ലാവരേയും സഹായിച്ചു. പോരാട്ടത്തിൻ്റെ ചരിത്രമുള്ള ജനതയാണ് വയനാട്ടിലേത്. ബ്രിട്ടീഷുകാർക്കെതിരെ വയനാടൻ ജനത ശക്തമായി പോരാടി. ഇവിടത്തെ പ്രകൃതിയും ഭൂമിയും അതി മനോഹരമാണ്.
മത സൗഹാർദത്തിൻ്റെ പാരമ്പര്യവും ചരിത്രങ്ങളുമാണ് വയനാട്ടിലേത്. ശ്രീനാരായണ ഗുരുവിൻ്റെ അനുയായികൾ എന്ന നിലയിൽ വയനാട്ടിലെ ജനങ്ങൾ സൗഹൃദവും സ്നേഹവും കാത്തുസൂക്ഷിക്കുന്നു. വയനാടിനെ പ്രധിനീതികരിക്കുക വഴി ഇന്ത്യയിലെ ഏറ്റവും അനുഗ്രഹീതമായ വ്യക്തി തനാവുമെന്ന് അവർ പറഞ്ഞു.
എല്ലാവരും തന്‍റെ സഹോദരനെ വളത്തിട്ടാക്രമിച്ചപ്പോൾ വയനാട് അദ്ദേഹത്തെ ചേർത്തണച്ചു. അദ്ദേഹത്തിന് രാജ്യം മുഴുവൻ നടക്കാനുള്ള ഊർജ്ജം നൽകിയത് വയനാട്ടുകാരാണ്. ജനാധിപത്യം നിലനിൽക്കാനും തുല്യതയ്ക്കും വേണ്ടിയാണ് പോരാടിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യത്തിന് വേണ്ടിയും മതേതരത്വത്തിന് വേണ്ടിയും സത്യത്തിന് വേണ്ടിയും നിലകൊള്ളാൻ തയാറാകണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
വയനാട് മെഡിക്കൽ കോളജ് യാഥാർഥ്യമാക്കാൻ സാധ്യമാകുന്നതെല്ലാം ചെയ്യുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്‌തത മൂലം വയനാട്ടുകാർ എത്രത്തോളം കഷ്‌ടപ്പെടുന്നുണ്ടെന്ന് തനിക്ക് അറിയാം. രാഹുൽ ഗാന്ധി വയനാടിന്‍റെ എംപി ആയിരിക്കുമ്പോൾ അത് സാധ്യമാക്കാൻ കഴിയുന്നതെല്ലാം ചെയ്‌തിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മീനങ്ങാടിയിൽ സംഘടിപ്പിച്ച കോർണർ മീറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. മാനന്തവാടി നിയോജക മണ്ഡലവും പ്രിയങ്ക ഇന്ന് സന്ദര്‍ശിക്കും. വൈകിട്ട് പൊഴുതനയിലെ പൊതുയോഗത്തിലും പങ്കെടുക്കും. വയനാട് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒക്‌ടോബർ 22-ന് പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. ഇത് രണ്ടാം തവണയാണ് പ്രിയങ്ക മണ്ഡലത്തിലെത്തുന്നത്. നവംബര്‍ 13ന് ആണ് വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ്.
Also Read:തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്