കേരളം

kerala

ETV Bharat / state

'അധികാരത്തില്‍ തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ വിദ്വേഷവും ഭയവും വളര്‍ത്തുന്നു': പ്രിയങ്ക ഗാന്ധി - PRIYANKA GANDHI ELECTION CAMPAINGNട

ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി വയനാട്ടില്‍ പൊതുയോഗത്തില്‍ പങ്കെടുത്ത് പ്രിയങ്ക ഗാന്ധി. മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനല്ലെന്ന് പ്രിയങ്ക പറഞ്ഞു.

WAYANAD BYELECTION  RAHUL GANDHI KERALA  വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പ്  PRIYANKA AGAINST CENTRAL GOVT
Priyanka Gandhi (fb/priyankagandhivadra)

By ETV Bharat Kerala Team

Published : Nov 3, 2024, 6:59 PM IST

വയനാട്: മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനല്ല, മറിച്ച് അതിസമ്പന്നരായ വ്യവസായി സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണെന്ന് വയനാട് ലോക്‌സഭ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി. മാനന്തവാടിയില്‍ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയല്ല മറിച്ച് ഏതുവിധേനയും അധികാരത്തില്‍ തുടരുക എന്നത് മാത്രമാണ് മോദിയുടെ ലക്ഷ്യമെന്നും പ്രിയങ്ക പറഞ്ഞു.

ജനങ്ങള്‍ക്കിടയില്‍ വിദ്വേഷവും വൈരാഗ്യവും ഭയവും വളര്‍ത്തുകയാണ് മോദി സര്‍ക്കാര്‍. ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമിയും തുറമുഖങ്ങളും വ്യവസായികളായ സുഹൃത്തുക്കള്‍ക്ക് കൈമാറ്റം ചെയ്യുകയാണ്. അതിസമ്പന്നരായ സുഹൃത്തുക്കള്‍ക്ക് സഹായം ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ നിങ്ങള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്ക പറഞ്ഞു.

രാജ്യത്ത് തൊഴിലില്ലായ്‌മ എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ്. കുട്ടികളെ പഠിപ്പിക്കാന്‍ നമ്മള്‍ ഒരുപാട് കഷ്‌ടപ്പെടുന്നുണ്ട്. എന്നാല്‍ അവര്‍ക്ക് ജോലി ലഭിക്കുക എന്നത് വളരെ പ്രയാസകരമായി മാറിയിരിക്കുകയാണ്. വിലക്കയറ്റം മൂലം നിത്യജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ വളരെയധികം പ്രയാസപ്പെടുന്ന സാഹചര്യമാണുള്ളത് എന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.

തൊഴിലുറപ്പ് പദ്ധതി മൂലം ജനങ്ങള്‍ക്ക് ഒരുപാട് ഗുണങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പദ്ധതിയുടെ വിഹിതം കുറച്ചിരിക്കുകയാണ്. ഇത്തരം വിഷയങ്ങളിലെല്ലാമുളള നിങ്ങളുടെ ശബ്‌ദം ലോക്‌സഭയിലും മറ്റിടങ്ങളിലും എത്തിക്കുമെന്നും പ്രിയങ്ക പറഞ്ഞു.

പ്രിയങ്ക ഗാന്ധി വയനാട്ടിലെ പാർട്ടി പ്രവർത്തകർക്കൊപ്പം (fb/priyankagandhivadra)

ഈ വിഷയങ്ങളിലെല്ലാം രാഹുല്‍ ഗാന്ധി നടത്തുന്ന പോരാട്ടം നിങ്ങളുടേത് കൂടിയാണ്. ജനാധിപത്യത്തെ സ്‌നേഹിക്കുന്നവര്‍ക്കും തുല്യതയില്‍ വിശ്വസിക്കുന്നവര്‍ക്കും വേണ്ടിയുള്ള പോരാട്ടമാണത്. രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കി വസതിയില്‍ നിന്നും മാറ്റി. അപ്പോഴെല്ലാം അദ്ദേഹത്തിനൊപ്പം നിന്നത് വയനാട്ടുകാരാണെന്നും പ്രിയങ്ക പറഞ്ഞു.

മെഡിക്കല്‍ കോളജ് എന്നത് വയനാട്ടുകാരുടെ സ്വപ്‌നമാണെന്നും ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്‌തത മൂലം വയനാട്ടിലെ ജനങ്ങള്‍ കഷ്‌ടപ്പെടുകയാണെന്നും പ്രിയങ്കാഗാന്ധി പറഞ്ഞു. മദര്‍ തെരേസയുടെ സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റിയില്‍ വര്‍ഷങ്ങളോളം ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. അവിടെ എന്‍റെ അടുത്ത സുഹൃത്തായിരുന്ന സിസ്‌റ്റര്‍ റോസ്‌ബെല്‍ മാനന്തവാടി സ്വദേശിയായിരുന്നു. ഞാന്‍ വയനാട്ടില്‍ മത്സരിക്കുന്നത് അറിഞ്ഞപ്പോള്‍ സിസ്‌റ്റര്‍ എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. വയനാട്ടില്‍ മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കാരണം 29 വര്‍ഷം മൂന്‍പ് അവരുടെ അമ്മ വയനാട്ടിലെ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്‌തത മൂലം മരണപ്പെട്ടിരുന്നു.

പ്രിയങ്ക ഗാന്ധി വയനാട്ടിലെ പാർട്ടി പ്രവർത്തകർക്കൊപ്പം (fb/priyankagandhivadra)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കാന്‍ കഴിയുന്നതെല്ലാം താന്‍ ചെയ്യുമെന്ന് അവര്‍ക്ക് വാക്കു നല്‍കിയിട്ടുണ്ട്. എന്‍റെ സഹോദരന്‍ രാഹുല്‍ ഗാന്ധി മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കാന്‍ ഒരുപാട് ശ്രമിച്ചു. അതില്‍ കുറച്ച് പുരോഗതിയുണ്ടായി. എന്നാല്‍ എത്ര കഠിനമായി പരിശ്രമിച്ചിട്ടും അവിടെ മെഡിക്കല്‍ കോളജ് എന്ന ഒരു ബോര്‍ഡ് അല്ലാതെ യാതൊരു സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടില്ല.

പ്രിയങ്ക ഗാന്ധി വയനാട്ടിലെ പാർട്ടി പ്രവർത്തകർക്കൊപ്പം (fb/priyankagandhivadra)

ഒരു മെഡിക്കല്‍ കോളജ് ഇല്ലാത്തതിന്‍റെ പ്രയാസങ്ങള്‍ വയനാട്ടിലെ ജനങ്ങള്‍ എത്ര ആഴത്തിലാണ് അനുഭവിക്കുന്നതെന്ന് എനിക്കറിയാം. അതിനാല്‍ വയനാട്ടിലെ മെഡിക്കല്‍ കോളജ് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ പരാമാവധി ശ്രമിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. കുടിവെള്ള പ്രശ്‌നങ്ങള്‍, വീടുകള്‍ നിര്‍മിക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായം, ആരോഗ്യ, വിദ്യാഭ്യാസമേഖലയിലെ വിവിധ വിഷയങ്ങള്‍, രാത്രിയാത്രാ നിരോധനം, ചുരം ബദല്‍ റോഡുകള്‍, മനുഷ്യവന്യജീവി സംഘര്‍ഷം എന്നിങ്ങനെയുള്ള വിഷയങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി നമുക്ക് ഒരുമിച്ച് നിന്ന് പോരാടാമെന്ന് പ്രിയങ്ക പറഞ്ഞു.

വയനാട്ടിലെ വിനോദസഞ്ചാരമേഖലയെ ശക്തിപ്പെടുത്താന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. വയനാട്ടിലെ ജനങ്ങള്‍ വിവിധ കാര്‍ഷിക വിളകള്‍ കൃഷി ചെയ്യുന്നവരാണ്. ഇവിടെ ഭക്ഷ്യസംസ്‌ക്കരണത്തിനുള്ള സംവിധാനങ്ങളുണ്ടെങ്കില്‍ കൃത്യമായി വിപണിയിലെത്തിക്കാന്‍ സാധിക്കുമെങ്കില്‍ ഒരുപാട് പ്രയോജനമുണ്ടാക്കാന്‍ സാധിക്കുമെന്നും പ്രിയങ്ക പറഞ്ഞു. ഇനിയും ഒരുമിച്ച് പോരാടാമെന്നും ലോകം മുഴുവന്‍ വയനാട് തിളങ്ങുന്നതിന് വേണ്ടി ഒരുമിച്ച് നില്‍ക്കണമെന്നും ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാനായത് ആദരവായി കാണുന്നു എന്നും പ്രിയങ്ക പറഞ്ഞു.

ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി എംപി, എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍ എംപി, ദീപാദാസ് മുന്‍ഷി, കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എപി അനില്‍കുമാര്‍, കോര്‍ഡിനേറ്റര്‍മാരായ ടി സിദ്ധിഖ് എംഎല്‍ , ഐ സി ബാലകൃഷ്‌ണന്‍ എംഎല്‍എ, സണ്ണി ജോസഫ് എംഎല്‍എ, എ കെ എം അഷ്‌റഫ് എംഎല്‍എ, എം ലിജു, ക്ഷമ മുഹമ്മദ്, എന്‍ ഡി അപ്പച്ചന്‍, സി മമ്മൂട്ടി, അബ്‌ദുള്‍ റഹ്‌മാന്‍ കല്ലായി, ആലിപ്പറ്റ ജമീല, പി കെ ജയലക്ഷ്‌മ്, ടി മുഹമ്മദ്, സി പി മൊയ്‌തീന്‍ ഹാജി, ശ്രീകാന്ത് പട്ടയന്‍, എന്‍ കെ വര്‍ഗീസ്, എ എം നിശാന്ത്, എം ജി ബിജു, പടയന്‍ അഹമ്മദ്, പി വി ജോര്‍ജ്, ജോസ് കളപ്പുര, അഡ്വ. എം വേണുഗോപാല്‍, സില്‍വി തോമസ്, മുഹമ്മദ് കടവത്ത്, അഡ്വ. റഷീദ് പടയന്‍, ജേക്കബ്ബ് സെബാസ്‌റ്റ്യന്‍, സി കുഞ്ഞബദുള്ള തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Also Read:'ഇത് ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടം'; സ്‌നേഹത്തിന്‍റെ രാഷ്‌ട്രീയത്തിന് ആഹ്വാനം ചെയ്‌ത് രാഹുല്‍ ഗാന്ധി

ABOUT THE AUTHOR

...view details