കൊടുംചൂടിനെ പ്രതിരോധിക്കാന്‍ പൊലീസിന് കുടയുമായി കൊല്ലത്തെ ആശുപത്രി (Kollam bureau) കൊല്ലം : കൊടും ചൂടിനെ പ്രതിരോധിക്കാൻ പൊലീസിന് കുട. ഗതാഗതം നിയന്ത്രിക്കാൻ നിയോഗിച്ചിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥർക്കാണ് കുട നൽകിയത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയാണ് കനത്ത വേനലിൽ അൽപ്പം ആശ്വാസമേകാൻ കുട നൽകിയത്.
ഏറ്റവും കൂടുതൽ താപനില അനുഭവപ്പെടുന്ന ജില്ലകളിൽ സ്ഥാനം പിടിച്ച ജില്ലയാണ് കൊല്ലം. 40 ഡിഗ്രിക്ക് മുകളിലാണ് ഏതാനും ദിവസമായി ജില്ലയിലെ വിവിധ മേഖലയിൽ രേഖപ്പെടുത്തിയതാപനില. കനത്ത ചൂടിൽ ഏറ്റവും കുടുതൽ ബുദ്ധിമുട്ടനുഭിവിക്കുന്ന ഒരു വിഭാഗമാണ് ഗതാഗത നിയന്ത്രണത്തിൽ ഏർപ്പെട്ടിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ.
കൊടും ചൂടിനെ അവഗണിച്ച് ജോലി നോക്കുന്ന ഈ ഉദ്ദ്യോഗസ്ഥർക്ക് ചൂടിൽ നിന്ന് മാറി നിന്ന് ഗതാഗതം നിയന്ത്രിക്കാൻ കഴിയില്ല. ഈ ഒരു സ്ഥിതി നിലനിൽക്കേയാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രി കുടകൾ നൽകിയത്. വെയിലിനെ മാത്രമല്ല മഴ പെയ്‌താലും ഉദ്യോഗസ്ഥർക്ക് നനയാതെ ഗതാഗതം നിയന്ത്രിക്കാൻ കഴിയും. ഗതാഗത കുരുക്ക് കൂടുതൽ അനുഭവപ്പെടുന്ന ജംഗ്ഷനുകളിൽ ഗതാഗതം നിയന്ത്രിക്കാൻ നിൽക്കുന്ന പൊലീസുകാർക്കാണ് ആദ്യഘട്ടം കുടകൾ നൽകുന്നത്.
വരും ദിനങ്ങളിൽ ജില്ലയിലെ എല്ലാ സ്ഥലങ്ങളിലും ട്രാഫിക് നിയന്ത്രിക്കുന്നവർക്ക് കുടകൾ നൽകും കുടകൾ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്ക് അഡിഷണൽ എസ്‌പി സുൽഫിഖർ വിതരണം ചെയ്‌തു. ഏതായാലും കത്തുന്ന വേനൽ ചൂടിൽ നിന്നും അൽപ്പമെങ്കിലും ആശ്വാസം ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർ.
Also read:ഇളനീരും തൊട്ടാൽ പൊള്ളും; ചൂടത്ത് ഡിമാൻഡിനൊപ്പം വിലയും കൂടി