വയനാട് :ഉരുള്‍പൊട്ടല്‍ ഉണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെത്തി. ഇന്ന് രാവിലെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി ഹെലികോപ്‌ടറിലാണ് വയനാട്ടിലെത്തിയത്. ഹെലികോപ്‌ടറില്‍ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം മേഖലകളില്‍ ആകാശ നിരീക്ഷണം നടത്തി. ശേഷം അദ്ദേഹം കല്‍പറ്റയിലേക്ക് പുറപ്പെട്ടു.
ദുരന്ത മേഖല സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരും ഉണ്ട്. ആകാശ നിരീക്ഷണത്തിന് ശേഷം വ്യോമ സേനയുടെ ZP 5151 ഹെലികോപ്റ്ററിൽ ഉച്ചയ്‌ക്ക് 12.15ഓടെയാണ് കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നരേന്ദ്ര മോദി എത്തിയത്. തുടര്‍ന്ന് ഹെലികോപ്‌ടര്‍ ഇറങ്ങിയ അദ്ദേഹം 12.25ഓടെ റോഡ് മാര്‍ഗം ചൂരല്‍മലയിലേക്ക് പുറപ്പെട്ടു.
കല്‍പറ്റയില്‍ നിന്ന് മേപ്പാടി വഴി 18 കിലോമീറ്ററാണ് ചൂരൽമലയിലേക്കുള്ളത്. വെള്ളാർമല സ്‌കൂളിനടുത്ത് എത്തിയപ്പോൾ മോദി സ്‌കൂളിനെ പറ്റി ചോദിച്ചറിഞ്ഞു. സ്‌കൂളിന്‍റെ ചുറ്റുപാടും കണ്ടു. ആദ്യം തന്നെ സ്‌കൂൾ കാണണമെന്ന് ആവശ്യപ്പെട്ട മോദി കുട്ടികളെപ്പറ്റി ആശങ്കാകുലനായി. അനാഥരായ കുട്ടികളെ പറ്റി ചോദിച്ചറിഞ്ഞു. ആ കുട്ടികള്‍ ഇപ്പോള്‍ എവിടെയാണ് പഠിക്കുന്നതെന്ന് അന്വേഷിച്ചു.