എറണാകുളം: യാക്കോബായ സുറിയാനി സഭയുടെ അന്തരിച്ച കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സംസ്‌കാരം ഇന്ന്. പുത്തൻ കുരിശ് പാത്രിയാർക്ക സെൻ്ററിലെത്തി നിരവധിയാളുകളാണ് ബാവയ്ക്ക് അന്തിമോപചാരം അർപ്പിച്ചത്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, നടൻ മമ്മൂട്ടി ഉൾപ്പെടെ നിരവധി പ്രമുഖരാണ് ബാവയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിശ്വാസികൾ ഉൾപ്പടെ സമൂഹത്തിൻ്റെ നാനാ തുറകളിൽപ്പെട്ട നൂറുകണക്കിനാളുകളാണ് ബാവയെ അവസാനമായി ഒരു നോക്കു കാണാനായി എത്തിക്കൊണ്ടിരിക്കുന്നത്. പുത്തൻകുരിശ് വഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
വ്യാഴാഴ്‌ച അന്തരിച്ച ബാവയുടെ ഭൗതിക ശരീരം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് വെള്ളിയാഴ് പുലർച്ചെയാണ് കോതമംഗലം ചെറിയ പള്ളിയിൽ എത്തിച്ചത്. തുടർന്ന് അവിടെ പൊതുദർശനത്തിന് വെച്ചു. വെള്ളിയാഴ്‌ച രാവിലെ പത്തരയോടെയാണ് സംസ്‌കാര ശുശ്രൂഷയുടെ പ്രാരംഭ നടപടികൾ ആരംഭിച്ചത്.
ഉച്ച നമസ്‌കാരം കഴിഞ്ഞ് ഒരു മണിക്ക് കോതമംഗലം ചെറിയ പള്ളിയിൽ നിന്ന് വലിയ പള്ളിയിൽ മൃതദേഹം എത്തിച്ചു. നാല് മണിക്ക് കോതമംഗലം വലിയ പള്ളിയിൽ നിന്ന് മൂവാറ്റുപുഴ വഴി പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിൽ ഭൗതിക ശരീരം എത്തിച്ചു.
ഇന്ന് രാവിലെ എട്ട് മണിക്ക് പാത്രിയർക്കാ സെൻ്റർ മോർ അത്തനേഷ്യസ് കത്തീഡ്രലിൽ കുർബാന നടന്നു. ഇന്ന് മൂന്ന് മണിക്ക് കബറടക്ക ശുശ്രൂഷയുടെ സമാപന ശുശ്രുഷകൾ ആരംഭിക്കും. ബാവായുടെ വിയോഗത്തിൽ പള്ളികളിലും സ്ഥാപനങ്ങളിലും 14 ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.