തിരുവനന്തപുരം:അഡിഷണൽ ഗതാഗത കമ്മിഷണറും കെഎസ്ആർടിസിയുടെ ജോയിന്‍റ് മാനേജിങ് ഡയറക്‌ടറുമായ പ്രമോജ് ശങ്കറിനെ കെഎസ്ആർടിസിയുടെ പുതിയ ചെയർമാൻ, മാനേജിങ് ഡയറക്‌ടറായി നിയമിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി. ബിജു പ്രഭാകർ സിഎംഡി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് പകരം നിയമനം. കെഎസ്ആർടിസി സ്വിഫ്റ്റിലും സിഎംഡിയുടെ അധിക ചുമതല നൽകിക്കൊണ്ടാണ് ഉത്തരവ്. വ്യാഴാഴ്‌ചയാണ് (ഫെബ്രുവരി 22) ഇത് സംബന്ധിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കിയത് (Pramoj Shankar has been appointed as the new Chairman and Managing Director of KSRTC).
2009- ബാച്ച് ഇന്ത്യൻ ഓർഡനൻസ് ഫാക്‌ടറി സർവീസ് ഉദ്യോഗസ്ഥനാണ് പ്രമോജ് ശങ്കർ. ശ്രീചിത്ര എഞ്ചിനീയറിങ് കോളജിൽ നിന്ന് ഇദ്ദേഹം മെക്കാനിക്കൽ എഞ്ചിനീയറിങ്ങില്‍ ബിടെക്കും, മദ്രാസ് ഐ ഐ ടിയിൽ നിന്ന് എംടെക്കും പാസായിട്ടുണ്ട്. കെഎസ്ആർടിസിയുടെ വെഞ്ഞാറമ്മൂട് യൂണിറ്റിലെ ആദ്യത്തെ ഇൻസ്‌പെക്‌ടർ ഇൻ ചാർജായിരുന്ന പരമേശ്വരൻ പിള്ള പ്രമോജ് ശങ്കറിന്‍റെ പിതാവാണ്.
അതേസമയം ഫെബ്രുവരി 19നാണ് ബിജു പ്രഭാകറിനെ ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്നും കെഎസ്ആർടിസി സിഎംഡി സ്ഥാനത്ത് നിന്നും നീക്കി പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. കൂടുതൽ ചുമതലകൾ ആരോഗ്യത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സ്ഥാനം ഒഴിയാൻ താൽപര്യമുണ്ടെന്ന് ബിജു പ്രഭാകർ ചീഫ് സെക്രട്ടറിയെ അറിയിക്കുകയായിരുന്നു. ഇതിനിടെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറുമായുള്ള അഭിപ്രായ ഭിന്നതയാണ് ബിജു പ്രഭാകർ സ്ഥാനം ഒഴിയാൻ കാരണമെന്നും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.