തിരുവനന്തപുരം:ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ദേശീയ പാര്‍ട്ടി പദവി നഷ്‌ടപ്പെട്ട് തെരഞ്ഞെടുപ്പു ചിഹ്നം പോകുമെന്ന വാദമുയരുന്നതിനിടെ സിപിഎം ഇപ്പോഴും ദേശീയ പാര്‍ട്ടി തന്നെയെന്ന അവകാശവാദവുമായി മുന്‍ ജനറല്‍ സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട്. പാര്‍ട്ടിയുടെ ദേശീയ പാര്‍ട്ടി പദവി തീരുമാനിക്കുന്നത് വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പല്ലെന്ന് കാരാട്ട് ചൂണ്ടിക്കാട്ടി.
ദേശീയ പാര്‍ട്ടി പദവി തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്ന് ലഭിക്കാന്‍ വേണ്ട മാനദണ്ഡങ്ങളിലൊന്ന് മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് 2 ശതമാനം ലോക്‌സഭ സീറ്റ് അഥവാ 11 ലോകസഭാ എംപിമാരുണ്ടാകണം എന്നതാണ്. നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവിയുണ്ടെങ്കിലും ദേശീയ പാര്‍ട്ടിയായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിക്കും. ഈ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് സിപിഎം ഇപ്പോഴും ദേശീയ പാര്‍ട്ടിയായി തുടരുന്നത്. അതിനാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പോടെ സിപിഎമ്മിന്‍റെ ദേശീയപാര്‍ട്ടി പദവി നഷ്‌ടപ്പെടും എന്നു പറയുന്നതില്‍ ഒരടിസ്ഥാനവുമില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
ആംആദ്‌മി പാര്‍ട്ടി ഇപ്പോള്‍ ദേശീയ പാര്‍ട്ടി പദവിയിലെത്തിയത് അവര്‍ നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദത്തിലേക്കുയര്‍ന്നതു കൊണ്ടാണ്. ഡല്‍ഹി, പഞ്ചാബ്, ഗുജറാത്ത്, ഗോവ സംസ്ഥാനങ്ങളില്‍ അവര്‍ സംസ്ഥാന പാര്‍ട്ടിയാണ്. അവര്‍ക്ക് ലോക്‌സഭയില്‍ ഒരേ ഒരു എംപി മാത്രമാണുള്ളത്. എഎപിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ച അതേ മാനദണ്ഡമനുസരിച്ചാണ് സിപിഎമ്മും ദേശീയ പാര്‍ട്ടി പദവിയില്‍ തുടരുന്നത്. അത് നിലനിര്‍ത്താനകുമെന്നാണ് പ്രതീക്ഷയെന്നും കേസരി സ്‌മാരക ജേര്‍ണലിസ്‌റ്റ് ട്രസ്‌റ്റ് സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റില്‍ കാരാട്ട് വ്യക്തമാക്കി.
ഒന്നാം ഘട്ട തെരഞ്ഞെടുപ്പു കഴിയുന്നതിനും മുന്‍പേ ഒരു പ്രവചനം നടത്തുക എന്ന ശ്രമകരമായ ദൗത്യം താനേറ്റെടുക്കുന്നില്ല. എന്നാല്‍ ഇന്ത്യയിലെ ഒട്ടുമിക്ക മതേതര പാര്‍ട്ടികളും തമ്മില്‍ തെരഞ്ഞെടുപ്പു ധാരണയിലെത്തിയിട്ടുണ്ട്. ഇന്ത്യ സഖ്യമെന്ന ഈ വിശാല മുന്നണി അധികാരത്തിലെത്താനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. 2004 ല്‍ നിന്നു വ്യത്യസ്‌തമായി ഇത്തവണത്തെ ഭരണം പ്രതിപക്ഷത്തെ വിശാല സഖ്യമായിരിക്കും. പിഡിപിയുമായി കേരളത്തില്‍ എല്‍ഡിഎഫിനു ധാരണയുണ്ടോ എന്നറിയില്ല. എല്‍ഡിഎഫിനുള്ളിലെ ഘടക കക്ഷികള്‍ തമ്മില്‍ മാത്രമാണ് സഖ്യമുള്ളത്. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഒരു പ്രത്യേക സാഹചര്യത്തിലാണ് എസ്‌ഡിപിഐ യുഡിഎഫ് സഖ്യം ചര്‍ച്ചയാകുന്നത്. പിഡിപി സഖ്യവും എസ്‌ഡിപിഐ സഖ്യവും രണ്ടും രണ്ടായി കാണണമെന്നും കാരാട്ട് പറഞ്ഞു.
നരേന്ദ്രമോദി ഒരു വശത്ത് രാമജന്മഭൂമി ആയുധമാക്കുന്നു. മറുവശത്ത് അദ്ദേഹം പോകുന്നിടത്തെല്ലാം പ്രതിപക്ഷ പാര്‍ട്ടികളെ അഴിമതിക്കാരാക്കി ചിത്രീകരിക്കുന്നു. ഇന്ത്യ ബ്ലോക്കിലെ എല്ലാ പാര്‍ട്ടികളും അഴിമതിക്കാരുടെ പാര്‍ട്ടിയാണെന്ന് അദ്ദേഹം പ്രചരിപ്പിക്കുന്നു. തെരഞ്ഞെടുപ്പു ബോണ്ട് വെളിപ്പെടുത്തലിനു ശേഷമാണ് പ്രധാനമന്ത്രി പ്രധാനമായും ഇതാരംഭിച്ചത്. 2018 ല്‍ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത് സിപിഎം ആണ്. 6 വര്‍ഷത്തിനു ശേഷം ഇക്കാര്യം പുറത്തു വന്നതിന് മാധ്യമങ്ങള്‍ക്കുള്ള നന്ദിയും പ്രകാശ് കാരാട്ട് രേഖപ്പെടുത്തി.