തിരുവനന്തപുരം:പേട്ടയിൽ നിന്നും കാണാതായ രണ്ട് വയസുകാരിയുടെ ഡിഎൻഎ പരിശോധന നടത്താൻ പൊലീസ്. ഇതിനായി കുട്ടിയുടെയും മാതാപിതാക്കളുടെയും സാമ്പിളുകൾ ശേഖരിച്ചു. തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലാണ് ഡിഎൻഎ പരിശോധന നടക്കുന്നത്.
ബിഹാർ സ്വദേശികളായ അമർദീപ് - റമീന ദേവി ദമ്പതികളുടെ മകളെയാണ് ഫെബ്രുവരി 19ന് പുലർച്ചെ ഒരു മണിയോടെ കാണാതായത്. ഇവർ തന്നെയാണോ കുട്ടിയുടെ മാതാപിതാക്കൾ എന്നുറപ്പിക്കുന്നതിന് വേണ്ടിയാണ് ഡിഎൻഎ പരിശോധന നടത്തുന്നതെന്ന് പേട്ട എസ്എച്ച്ഒ സാബു ബി ഇടിവി ഭാരതിനോട് പറഞ്ഞു. അമർദീപിനോ റമീന ദേവിയ്‌ക്കോ കൃത്യമായ തിരിച്ചറിയൽ രേഖകളോ മേൽവിലാസമോ ഒന്നും തന്നെയില്ല. കുട്ടിയുടെ മാതാപിതാക്കൾ ഇവർ തന്നെയാണോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്.
അതേസമയം കേസന്വേഷണവുമായി ബന്ധപ്പെട്ട തുടർ നടപടികളോട് കുടുംബം സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയെ കിട്ടിയതിനാൽ വീട്ടിലേക്ക് പോകാൻ അനുവദിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടതായാണ് വിവരം. ഒരാഴ്‌ചക്കകം ഡിഎൻഎ പരിശോധന ഫലം ലഭിക്കും.