എറണാകുളം: ഗുണ്ടാ നേതാവ് തമ്മനം ഫൈസലിൻ്റ വീട്ടിലൊരുക്കിയ വിരുന്നിൽ പങ്കെടുത്ത പോലിസുകാർക്കെതിരെയുള്ള റിപ്പോർട്ട് സമർപ്പിച്ചു. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗിൻ്റെ ഭാഗമായുള്ള റെയ്‌ഡിലാണ് പൊലിസുകാർ കുടുങ്ങിയതെന്ന് എറണാകുളം റൂറൽ പൊലിസ്. ഗുണ്ട നേതാവിൻ്റെ വീട്ടിലൊരുക്കിയ വിരുന്നിൽ പൊലീസുകാർ പങ്കെടുത്തുവെന്നും റൂറൽ എസ്‌പി വൈഭവ് സക്‌സേന സ്ഥിരീകരിച്ചു. ഇന്നലെ വൈകുന്നേരം ആറുമണിക്ക് ഓപ്പറേഷൻ ആഗിൻ്റെ ഭാഗമായാണ് പൊലീസുകാർ ഗുണ്ടാ ലിസിറ്റിൽ പെട്ടയാളുടെ വീട്ടിൽ പരിശോധന നടത്തിയത് .
ആ സമയത്ത് രണ്ട് പേരെ കരുതൽ കസ്‌റ്റഡിയിലെടുത്തുവെന്നും മറ്റു മൂന്ന് പേരെ ചോദ്യം ചെയ്‌തപ്പോൾ അവർ പൊലീസ് ഉദ്യോസ്ഥരാണെന്ന് മനസിലായിയെന്നും എസ് പി പറഞ്ഞു. ഇതിൽ മൂന്ന് പേര്‍ കോൺസ്‌റ്റബിൾമാരും ഒരാൾ ഡിവൈഎസ്‌പിയുമാണ്. ഇവർക്കെതിരായ സ്‌പെഷ്യൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. പേര് വിവരങ്ങൾ ഇപ്പോൾ പറയാൻ കഴിയില്ല. ഈ വീട് തങ്ങളുടെ നിരീക്ഷണത്തിലായിരുന്നു. ഇവർ എങ്ങിനെ അവിടെ എത്തിയെന്ന് റിപ്പോർട്ടിലുണ്ട്. അവരെ ആ വിട്ടിൽ വെച്ച് മനസിലാക്കിയിരുന്നു. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകുമെന്നും വൈഭവ് സക്‌സേന വ്യക്തമാക്കി.
ഗുണ്ടാ നേതാവ് തമ്മനം ഫൈസലിൻ്റ അങ്കമാലിയിലെ വീട്ടിലാണ് വിരുന്നിനായി ആലപ്പുഴ ജില്ലയിലെ ഡിവൈഎസ്‌പി എം ജി സാബു ഉൾപ്പടെയുള്ള നാല് പൊലീസുകാർ എത്തിയതായാണ് ആരോപണം. വിരമിക്കാൻ മൂന്ന് ദിവസം മാത്രം ബാക്കിയിരിക്കെയാണ് ഡിവൈഎസ്‌പി ഗുണ്ടാ സൽക്കാരം സ്വീകരിച്ചത് എന്നതാണ് എല്ലാവരെയും ഞെട്ടിച്ചത്. ഞായറാഴ്‌ച വൈകുന്നേരം ആറുമണിയോടെയായിരുന്നു പൊലീസ് സേനയ്ക്ക് ആകെ നാണകേടുണ്ടാക്കിയ സംഭവം നടന്നത്.