പത്തനംതിട്ട:വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ സംഘത്തെ പൊലീസ് ആക്രമിച്ച സംഭവത്തിൽ എസ്‌ഐക്ക് ഗുരുതര വീഴ്‌ചയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് സംഭവം. ആളു മാറിയാണ് അതിക്രമം നടന്നതെന്നും എസ്‌ഐക്ക് ഗുരുതര വീഴ്‌ചയെന്നും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിൽ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സ്‌ത്രീകള്‍ ഉൾപ്പെട്ട സംഘത്തെ യാതൊരു പ്രകോപനമില്ലാതെ പൊലീസ് ആക്രമിക്കുകയായിരുന്നു. പത്തനംതിട്ട കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിനോട് ചേർന്ന് വഴിയരികില്‍ നിന്നവരാണ് ആക്രമണത്തിന് ഇരയായത്. പരിക്കേറ്റ യാത്രാ സംഘം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൊല്ലത്ത് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് ട്രാവലറില്‍ മടങ്ങിയ സംഘത്തിന് നേരെയായിരുന്നു പൊലീസിൻ്റെ അതിക്രമം. എരുമേലി, മുണ്ടക്കയം ഭാഗത്തു നിന്നുള്ള ഇരുപതോളം പേരാണ് ട്രാവലറില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മലയാലപ്പുഴ സ്വദേശിനിയെ കൂട്ടിക്കൊണ്ടു പോകാന്‍ ഭര്‍ത്താവ് എത്തി പത്തനംതിട്ട അബാന്‍ ജങ്‌ഷനില്‍ കാത്തു നിന്നിരുന്നു. ഇവരെ ഇറക്കാൻ വേണ്ടി ട്രാവലർ പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് വഴിയരികില്‍ നിര്‍ത്തി. ഈ സമയം യുവതിയുൾപ്പെടെ ചിലർ ട്രാവലറിൽ നിന്ന് പുറത്തിറങ്ങി നിന്നു.
ഇതിനിടെയാണ് അവിടേക്ക് പൊലീസ് വാഹനം വന്നത്. വാഹനം നിര്‍ത്തി ഓടെടാ...എന്ന് പറഞ്ഞ് പൊലീസ് ലാത്തി വീശിയെന്നാണ് പരാതി. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ജിനുവും സംഘവുമാണ് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിന് നേരെ ലാത്തി വീശി അക്രമം നടത്തിയത്.
അതേസമയം ആളുമാറി ആക്രമിച്ചതാണെന്ന് പൊലീസ് പറഞ്ഞു. അബാന്‍ ജങ്ഷനിലെ ബാറിന് സമീപം അടിപിടി നടക്കുന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം എത്തിയതെന്നാണ് വിശദീകരണം. പൊലീസ് സംഘം ചെന്നപ്പോള്‍ ഒരു യുവതിയും നാലു പുരുഷന്മാരും ചേര്‍ന്ന് ബാറിന് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കുന്നതാണ് കണ്ടത്. ഇവരും ആ സംഘത്തിലുള്ളവരാണെന്ന് കരുതിയാണ് മർദ്ദിച്ചതെന്നും പൊലീസ് പറഞ്ഞു.
Also Read: ജങ്‌ഷൻ, റോഡ്, ടൗൺ! റെയിൽവേ സ്റ്റേഷനുകളുടെ പേര് വരുന്ന വഴിയറിയാം... - RAILWAY STATIONS NAME