കാസർകോട്:ഉമർ ഫൈസി മുക്കം നടത്തിയത് അപഹാസ്യമായ പ്രസ്‌താവനയെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. തങ്ങളെ വിമർശിക്കുക, പാണക്കാട് കുടുംബത്തെ അപമാനിക്കുക എന്നതിലൂടെ മുസ്ലിം ലീഗിനെ തകർക്കാനാണ് ചില രാഷ്ട്രീയക്കാരുടെ ശ്രമമെന്നും പിഎംഎ സലാം പറഞ്ഞു. ചിലരെ അധികാരത്തിൻ്റെ അപ്പകഷ്‌ണങ്ങൾ നൽകി തങ്ങളുടെ വരുതിയിലാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇത്തരം ചില പരാമർശങ്ങൾ കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പ് കാലത്തും നമ്മൾ കണ്ടതാണ്. ഗ്രഹണം വരുമ്പോൾ ഞാഞ്ഞൂലുകൾക്ക് വിഷമുണ്ടാകും. ഇത്തരം ശ്രമങ്ങൾ കണ്ടില്ല, കേട്ടില്ലായെന്ന് നടിക്കാനാവില്ല. മുസ്ലിം ലീഗ് പ്രവർത്തകർ നോക്കി നിൽക്കും എന്ന് ആരും കരുതണ്ട. സാദിഖ് അലി തങ്ങളെ ഖാസിയായി തെരഞ്ഞെടുത്തത് ജനങ്ങളാണ്.
ആരും തങ്ങളെ അത് അടിച്ചു ഏൽപ്പിച്ചതല്ലെന്നും സലാം പറഞ്ഞു. അതേസമയം, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പരോക്ഷ വിമർശനവുമായി സമസ്‌ത സെക്രട്ടറി ഉമർ ഫൈസി മുക്കം രംഗത്ത് എത്തിയിരുന്നത്. യോഗ്യമില്ലാത്ത പലരും ഖാസിമാരായിട്ടുണ്ടെന്നും രാഷ്ട്രീയത്തിൻ്റെ പേരിൽ ഖാസിയാകാനും ചിലരുണ്ടെന്നും പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ചില കാര്യങ്ങൾ തുറന്നുപറയേണ്ടി വരുമെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.