ന്യൂഡല്‍ഹി: പ്ലസ്‌ടു കോഴ കേസിൽ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്ക് സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി. വിജിലൻസ് കേസ് റദ്ദാക്കിയതിന് എതിരായി സര്‍ക്കാരും ഇഡിയും നല്‍കിയ ഹർജികൾ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ അഭയ് എസ് ഓക, അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്.
കെഎം ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്ന മൊഴികളൊന്നുമില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഷാജി പണം ചോദിച്ചെന്ന് ഒരു മൊഴിയെങ്കിലും കാണിച്ചു തരാമോ എന്ന് സുപ്രീം കോടതി ചോദിച്ചു. 54 സാക്ഷി മൊഴികൾ പരിശോധിച്ചതായും കോടതി പറഞ്ഞു.
ഇങ്ങനെയെങ്കിൽ എല്ലാ രാഷ്‌ട്രീയക്കാരെയും എളുപ്പത്തില്‍ കേസിൽ പ്രതിയാക്കാമല്ലോ എന്നും കോടതി ചോദിച്ചു. കള്ളപ്പണ നിരോധന നിയമവുമായി ബന്ധപ്പെട്ട് ഇഡി ഷാജിക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെ നല്‍കിയ ഹര്‍ജിയും സുപ്രീം കോടതി തള്ളി. അന്വേഷണം പൂർത്തിയാകാതെ കേസ് റദ്ദാക്കിയത് ശരിയല്ലെന്നായിരുന്നു സംസ്ഥാനത്തിന്‍റെ വാദം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക