കോഴിക്കോട് :ലോക്‌സഭ തെരഞ്ഞെടുപ്പിന്വോട്ടിങ് യന്ത്രങ്ങളുടെ തകരാർ ഉൾപ്പെടെ ആശങ്കകളും പരാതികളും നിലനിൽക്കേ പോളിംങ് ഓഫിസർമാർ നിർവഹിക്കേണ്ട ജോലി പ്ലസ് വൺ വിദ്യാർഥിനിയെ കൊണ്ട് ചെയ്യിപ്പിച്ചത് വിവാദമാകുന്നു. വോട്ടർമാരുടെ വിരലിൽ മഷി പുരട്ടുന്ന ജോലി ചെയ്‌ത വിദ്യാർഥിനിയുടെ കൈവിരൽ പഴുപ്പു ബാധിച്ച് ഗുരുതരാവസ്ഥയിലായി.
ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനി എൻഎസ്എസ് വളന്‍റിയറായാണ് ഫാറൂഖ് കോളജ് എഎൽപി സ്‌കൂളിലെ 93 നമ്പർ ബൂത്തിലെത്തുന്നത്. പോളിങ് ബൂത്തിലെത്തുന്ന ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് വേണ്ട സഹായം ചെയ്‌തു കൊടുക്കാനായിരുന്നു ആദ്യം വിദ്യാർഥിനിയെ ചുമതലപ്പെടുത്തിയത്.
എന്നാൽ, രാവിലെ പത്തു മണിയോടെ കുട്ടിയെ കൈവിരലിൽ മഷി പുരട്ടുന്ന വളരെയധികം ഉത്തരവാദപ്പെട്ടതും, പോളിങ് ഓഫിസർമാർ മാത്രം നിർവഹിക്കേണ്ടതുമായ ചുമതല ഏൽപിച്ചു. എഴുതാനും മറ്റും ഇടതുകൈ ശീലമാക്കിയ കുട്ടിക്ക് മഷി പുരട്ടാൻ ലഭിച്ചത് ചെറിയ ബ്രഷായിരുന്നു. ഇത്തരം ജോലി ചെയ്‌ത് ശീലമില്ലാത്ത, കന്നി വോട്ടു പോലും ചെയ്യാത്ത, കുട്ടിയുടെ വിരലുകളിലേക്ക് മഷി പരന്നു.