കോഴിക്കോട് :എസ്എസ്എല്‍സി ഫലം പുറത്ത് വന്നതോടെ പതിവ് പോലെ പ്ലസ് വൺ സീറ്റ് വിവാദത്തിനും തുടക്കമായി. മലബാറിൽ വിശേഷിച്ചും, മലപ്പുറത്താണ് ഈ തവണയും പ്രതിസന്ധി രൂക്ഷമായത്. മലപ്പുറം ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷ വിജയിച്ചവരുടെ എണ്ണം 79,730 ആണ്. അലോട്ട്മെന്‍റിന് പരിഗണിക്കുന്ന സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിലെ സീറ്റുകളുടെ എണ്ണം 59,690 ആണ്. അതായത് മലപ്പുറത്ത് മാത്രം 20,040 സീറ്റുകളുടെ കുറവുണ്ട്.
ഇനി മലബാറിലെ ആറു ജില്ലകളിലെ കണക്കെടുത്താൽ പത്താം ക്ലാസ് വിജയിച്ച 41,000 വിദ്യാർഥികള്‍ക്ക് നിലവിൽ സീറ്റില്ല. സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിലായി നല്‍കിയ അധിക ബാച്ചും അധിക സീറ്റും പരിഗണിച്ചതിന് ശേഷമാണ് ഈ കുറവ്.
അതേസമയം തെക്കൻ ജില്ലകളില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയുമാണ്. കഴിഞ്ഞ വര്‍ഷം മലപ്പുറത്തിന് പുറമെ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിൽ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളില്‍ 30 ശതമാനവും എയ്‌ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളില്‍ 20 ശതമാനവും മാർജിനൽ സീറ്റ് വർധനവ് വരുത്തിയിരുന്നു. ആവശ്യപ്പെടുന്ന എയ്‌ഡഡ് ഹയര്‍ സെക്കൻഡറി സ്‌കൂളുകള്‍ക്ക് 10 ശതമാനം കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ധനവിനും കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയിരുന്നു.