തിരുവനന്തപുരം :മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ് യാത്രയ്ക്ക് ഉപയോഗിച്ച ബസ് പൊതുജന യാത്രയ്ക്കായി നിരത്തിലിറക്കാൻ ആലോചന. നവകേരള ബസ് കോഴിക്കോട് - ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുമെന്നാണ് ബന്ധപ്പെട്ട അധികൃതർ നൽകുന്ന വിവരം. ഇതിനായി കോൺട്രാക്‌ട് ക്യാരേജ് ആയിരുന്ന ബസിന്‍റെ പെർമിറ്റ് സ്റ്റേജ് ക്യാരേജ് ആക്കി മാറ്റം വരുത്തിയിട്ടുമുണ്ട്.
കഴിഞ്ഞ ദിവസമാണ് നവകേരള ബസ് പാപ്പനംകോട് സെൻട്രൽ വർക്‌സ് ഡിപ്പോയിൽ ഒരു മാസത്തോളമായി വെറുതെ കിടക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് നടപടി. തലസ്ഥാനത്തുൾപ്പടെ പൊതുജനങ്ങൾക്കായി നവകേരള ബസ് പ്രദർശിപ്പിക്കാനും പിന്നീട് ഇത് വാടകയ്‌ക്ക് നൽകാനുമായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.
വിവാഹ ആവശ്യം, വിനോദയാത്ര, തീർഥാടനം തുടങ്ങിയവയ്‌ക്ക് നവകേരള ബസ് വാടകയ്‌ക്ക് നൽകുമെന്നും അറിയിച്ചിരുന്നു. ഈ തീരുമാനം ഉപേക്ഷിച്ചാണ് ഇപ്പോൾ കോഴിക്കോട് - ബെംഗളൂരു റൂട്ടിൽ സ്റ്റേജ് ക്യാരേജ് സർവീസ് നടത്താൻ ആലോചിക്കുന്നത്. അതേസമയം ഇതുസംബന്ധിച്ച് മാനേജ്മെന്‍റ് തലത്തിൽ ചർച്ചകൾ നടന്നിട്ടില്ലെന്നും അധികൃതർ അറിയിച്ചു.