മലപ്പുറം:സീ പ്ലെയിൻ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെ പരിഹസിച്ച് പികെ കുഞ്ഞാലിക്കുട്ടി. സീ പ്ലെയിനിൽ ഇടത് സർക്കാർ മേനി പറയുന്നത് കേട്ടാൽ ചിരിയാണ് വരുന്നതെന്ന് കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. മലപ്പുറത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ഉമ്മൻചാണ്ടി സർക്കാർ 2012ൽ പദ്ധതി കൊണ്ടുവന്നപ്പോൾ മീൻ കുഞ്ഞുങ്ങൾ ചത്തുപോകുമെന്ന് പറഞ്ഞ് പദ്ധതിയെ എതിർത്തവരാണ് സിപിഎമ്മുകാർ. സീ പ്ലെയിൻ പദ്ധതി നടപ്പിലാക്കിയാൽ പിലോപ്പിയ മീൻ കുഞ്ഞുങ്ങൾ ചത്തുപോകുമെന്നായിരുന്നു സിപിഎമ്മിന്‍റെ വാദം. എന്തേ ഇപ്പോൾ മീൻ കുഞ്ഞുങ്ങളെ മാറ്റി പാർപ്പിച്ചോ എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
മേനിപറയും മുമ്പ് സോറിയാണ് ഇടതുപക്ഷം പറയേണ്ടത്. സിപിഎമ്മിന് ബുദ്ധിയുണ്ടാവാൻ എത്ര കാലം എടുക്കും?, സീ പ്ലെയിന് മുമ്പേ എക്‌സ്‌പ്രെസ് ഹൈവേയേയും സിപിഎം എതിർത്തിരുന്നു. പശുവിനെ എങ്ങനെ അപ്പുറത്ത് നിന്നും ഇപ്പുറത്തെത്തിക്കുമെന്നാണ് അന്ന് അവർ ചോദിച്ചത്.
ഇത്തരം വിഡ്‌ഢി ചോദ്യങ്ങൾ യുഡിഎഫ് ചോദിക്കാത്തതിനാൽ സർക്കാരിന് അത് മുന്നോട്ട് കൊണ്ടുപോകാനായി. നല്ല കാര്യങ്ങളെ യുഡിഎഫ് എതിർക്കാത്തത് കൊണ്ടാണ് ഈ സർക്കാരിന് അതൊക്കെ നടപ്പാക്കാനാവുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.