തിരുവനന്തപുരം: വയനാട് ദുരന്തം സംബന്ധിച്ച് കേരളത്തിന് കേന്ദ്രം മുന്നറിയിപ്പ് നൽകിയെന്ന അമിത് ഷായുടെ അവകാശവാദം പാടെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് വിവാദത്തിനുള്ള സമയമല്ലെന്ന മുഖവുരയോടെയാണ് അമിത് ഷായുടെ വാദങ്ങൾ മുഖ്യമന്ത്രി തള്ളിയത്.
ഇന്ന് വൈകിട്ട് നാല് മണിക്ക് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം. അമിത് ഷാ പറയുന്നതിൽ ഒരു ഭാഗം വസ്‌തുതയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു ഭാഗം വസ്‌തുതയല്ലാത്തതുമാണ്. കേന്ദ്രം കാലാവസ്ഥ മുന്നറിയിപ്പാണ് നൽകിയത്. ദുരന്ത മുന്നറിയിപ്പ് നൽകിയിട്ടില്ല.
എല്ലാ മുന്നറിയിപ്പും അതീവ ജാഗ്രതയോടെ കേരളം പരിഗണിക്കാറുണ്ട്. പരസ്‌പരം പഴി ചാരേണ്ട സംഭവമല്ല. ദുരന്തമുണ്ടായ പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടാണ് അപകട ദിവസം കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരുന്നത്. 115 നും 204 മില്ലി മീറ്ററിനുമിടയിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയ മുന്നറിയിപ്പ്. ആദ്യത്തെ 24 മണിക്കൂറിനുള്ളിൽ 200 മില്ലി മീറ്റർ മഴയും അടുത്ത 24 മണിക്കൂറിൽ 372 മില്ലി മീറ്റർ മഴയുമാണ് പ്രദേശത്തുണ്ടായത്. 572 മില്ലി മീറ്റർ മഴ 48 മണിക്കൂറിൽ പെയ്‌തു. മുന്നറിയിപ്പ് നൽകിയതിലും അധികം മഴ പെയ്‌തു.
ദുരന്തം ഉണ്ടാകുന്നതിന് മുൻപ് ഒരു തവണ പോലും പ്രദേശത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നില്ല. അപകടം ഉണ്ടായ ശേഷമാണ് റെഡ് അലർട്ട് മുന്നറിയിപ്പ് നൽകിയത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വയനാട്ടിൽ ലാൻഡ് സ്ലൈഡ് വാണിങ് സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ജൂലൈ 23-28 വരെ കേന്ദ്ര കാലാവസ്ഥ കേന്ദ്രം നൽകിയ മഴ മുന്നറിയിപ്പിൽ ഓറഞ്ച് അലർട്ട് പോലും നൽകിയിട്ടില്ല.