മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു (ETV Bharat) തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ഹൃദയ ഭേദകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട് ഇന്നുവരെ കണ്ടതില്‍ അതീവ ദാരുണമായ പ്രകൃതി ദുരന്തങ്ങളിലൊന്നാണ് വയനാട്ടില്‍ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാത്രി ഉറങ്ങാന്‍ കിടന്ന കുഞ്ഞുങ്ങള്‍ ഉള്‍പ്പടെയുള്ളവരാണ് നേരം പുലരുന്നതിന് മുന്‍പ് ജീവൻ നഷ്‌ടപ്പെട്ട് മണ്ണില്‍ പുതഞ്ഞു പോയത്. സാധ്യമായ എല്ലാ ശക്തിയും ഉപയോഗിച്ച് രക്ഷാ പ്രവര്‍ത്തനം തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തിരുവന്തപുരത്ത് വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിലവില്‍ 128 പേരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 34 പേരെ തിരിച്ചറിഞ്ഞു. 18 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
ഉരുള്‍പൊട്ടലില്‍ ഒട്ടേറെ പേര്‍ ഒഴുകിപ്പോയി. 16 ഓളം പേരുടെ മൃതദേഹങ്ങള്‍ മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് പോത്തുകല്ലില്‍ ചാലിയാറില്‍ നിന്നാണ് കണ്ടെത്തിയത്. ഇവിടെ നിന്ന് ശരീര ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്.
വിവിധ സേനകളിലെ വിദഗ്‌ധര്‍ ദുരന്ത മുഖത്ത് എത്തിയിട്ടുണ്ടെന്നും കൂടുതല്‍ സംഘം എത്തിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫയര്‍ഫോഴ്‌സ്, എന്‍.ഡി.ആര്‍.എഫ്, പൊലീസ്, തുടങ്ങിയ വിവിധ സേനകള്‍ യോജിച്ച് പ്രവര്‍ത്തിച്ച് വരികയാണ്. സൈനിക വിഭാഗങ്ങളുടെ സഹായവും അടിയന്തര പ്രാധാന്യത്തോടെ ലഭ്യമാക്കിയിട്ടുണ്ട്. കരസേനയുടെയും നാവിക സേനയുടെയും വിവിധ വിഭാഗങ്ങള്‍ രക്ഷാ പ്രവര്‍ത്തനത്തിനെത്തുന്നുണ്ട്.
ഫയര്‍ ഫോഴ്‌സില്‍ നിന്നും 329 അംഗങ്ങളെ വിവിധ ജില്ലകളില്‍ നിന്നായി വയനാട്ടിലേക്ക് നിയോഗിച്ചിട്ടുണ്ട്. ഇതില്‍ വാട്ടര്‍ റെസ്ക്യൂ അക്കാദമിയിലെ 35 ട്രെയിന്‍ഡ് അംഗങ്ങളും, 86 സിവില്‍ ഡിഫെന്‍സ്, ആപ്‌ത മിത്ര അംഗങ്ങളുമുണ്ട്.
എന്‍ഡിആര്‍എഫിന്‍റെ 60 അംഗ ടീം വയാനട്ടില്‍ ഇതിനോടകം എത്തി രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ബാംഗ്ലൂരില്‍ നിന്നുള്ള സംഘം വയാനാട്ടിലേക്ക് പുറപ്പെട്ടു. ഡിഎസ് സിയുടെ 64 പേരടങ്ങുന്ന ടീം വയനാട് എത്തിയിട്ടുണ്ട്. 89 പേരുടെ ടീം പുറപ്പെട്ടിട്ടുമുണ്ട്.
മറ്റൊരു ഡിഎസ് സി ടീം കണ്ണൂരില്‍ സജ്ജമാണ്. സുലൂരില്‍ നിന്ന് വയനാട്ടിലേക്ക് പുറപ്പെട്ട എയര്‍ഫോഴ്‌സിന്‍റെ 2 ചോപ്പറുകള്‍ പ്രതികൂല കാലവസ്ഥയെ തുടര്‍ന്ന് കോഴിക്കോട് നില്‍ക്കുകയാണ്. കൂടാതെ നേവിയുടെ റിവര്‍ ക്രോസിങ് ടീമിനായും ഇടി എഫ് ആര്‍മിയുടെ ഒരു ടീമിനായും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ടീമിനായും റിക്വസ്റ്റ് നല്‍കിയിട്ടുണ്ട്. മണ്ണിനടിയില്‍ നിന്ന് മൃതദേഹം കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച നായക്കളെ ദുരന്ത മുഖത്ത് എത്തിച്ചു. എന്‍ഡിആര്‍എഫ് സംഘം പുഴ മുറിച്ച് കടന്ന് മാര്‍ക്കറ്റ് മേഖലയിലെത്തി പരിക്കേറ്റവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
45 ദുരിതാശ്വാസ ക്യാമ്പുകള്‍ വയനാട്ടില്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 3069 പേരാണ് വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. സംസ്ഥാനത്ത് 118 ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ 5538 പേരാണ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി, അമിത് ഷാ, ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് എന്നിവര്‍ നേരിട്ട് വിളിച്ച് സ്ഥിതിഗതികള്‍ അന്വേഷിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സാധ്യമായ എല്ലാ സഹായങ്ങളും ഇവര്‍ വാഗ്‌ദാനം ചെയ്‌തതായും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് അടക്കം വിളിച്ച് ഏകോപിത പ്രവര്‍ത്തനത്തിന് സന്നദ്ധത അറിയിച്ചു. നിലവില്‍ 5 മന്ത്രിമാര്‍ വയനാട്ടിലുണ്ട്. മന്ത്രിമാരുടെ മേല്‍നോട്ടത്തില്‍ സൈന്യമുള്‍പ്പടെയുള്ളവര്‍ ദുരന്ത മുഖത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
മേഖലയിലെ ആരോഗ്യ പരിപാലനവും കൃത്യമായി മുന്നോട്ട് പോകും. ദുരന്ത ബാധിക പ്രദേശത്ത് താത്‌കാലിക ക്ലിനിക്കും താത്കാലിക ആശുപത്രിയും സ്ഥാപിച്ചിട്ടുണ്ട്. ദുരന്ത മേഖലയിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
20,000 ലിറ്റര്‍ വെള്ളവുമായി ജല വകുപ്പ് വയനാട്ടിലേക്ക് തിരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. സിയാല്‍ 2 കോടി രൂപ വാഗ്‌ധാനം ചെയ്‌തു, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍ 5 കോടി രൂപ സിഎംഡിആര്‍എഫിലേക്ക് വാഗ്‌ദാനം ചെയ്‌തതായും മുഖ്യമന്ത്രി വ്യക്തമാക്കി.
Also Read :അതിതീവ്ര മഴ: എട്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു - kerala weather updates