കാസർകോട്: ഓണത്തിന് വാനരന്മാർക്ക് സദ്യ വിളമ്പുന്ന ഇടമാണ് തൃക്കരിപ്പൂരിലെ ഇടയിലക്കാട് കാവ്. കുരങ്ങുകളുടെ സംരക്ഷണത്തിന്‍റെ ഭാഗമായി നവോദയ വായനശാല ഗ്രന്ഥാലയത്തിന് കീഴിലെ ബാലവേദി കുട്ടികളാണ് വാനരക്കൂട്ടത്തിനായി സദ്യയൊരുക്കിയത്. കഴിഞ്ഞ 17 വർഷമായി അവിട്ടം നാളിൽ ഓണസദ്യ വിളമ്പുന്നു. 17 വർഷം പിന്നിട്ടതിനാൽ 17 വിഭവങ്ങളാണ് ഇത്തവണ സദ്യയിൽ ഉണ്ടായിരുന്നത്.
തൂശനിലയിലാണ് പതിവായി ഓണസദ്യ വിളമ്പുന്നത്. പപ്പായ, കക്കിരി, വെള്ളരി, സപ്പോട്ട, പേരയ്ക്ക, പാഷൻ ഫ്രൂട്ട്, സീതാപ്പഴം, മാങ്ങ, ക്യാരറ്റ്, തണ്ണിമത്തൻ, ബീറ്റ്റൂട്ട്, തക്കാളി, കൈതച്ചക്ക, ഉറുമാൻ പഴം, നേന്ത്രപ്പഴം, നെല്ലിക്ക എന്നിവയും ഉപ്പു ചേർക്കാത്ത ചോറുമായിരുന്നു പതിനേഴ് വിഭവങ്ങളായി വാഴയിലയിൽ നിരത്തിയത്. ഇലയിൽ വിളമ്പിയപ്പോഴേക്കും കാവിലെ മരങ്ങൾക്കിടയിൽ നിന്നും കുരങ്ങുകള്‍ ഓടിയെത്തി.
പഴങ്ങളൊക്കെ വേഗത്തിൽ ആകത്താക്കി. കുട്ടികുരങ്ങുകളെ മാറോട് ചേർത്ത് അമ്മ കുരങ്ങ് എത്തിയതും കൗതുക കാഴ്‌ചയായി. അതേസമയം വാനരന്മാര്‍ക്ക് 20 വർഷക്കാലം മുറതെറ്റാതെ ചോറൂട്ടിയ അമ്മൂമ്മയായ ചാലിൽ മാണിക്കമ്മയ്ക്ക് അസുഖമായതിനാൽ ഇത്തവണ 'പപ്പീ...' എന്ന് നീട്ടി വിളിച്ച് വാനര നായകനെ വരുത്താൻ അവർ ഉണ്ടായില്ല.
എങ്കിലും മാണിക്കമ്മ തന്നെ അവരുടെ വീട്ടിൽ നിന്ന് ഉപ്പു ചേർക്കാത്ത ചോറ് കുട്ടികൾക്ക് കൈമാറി. അവരുടെ വീട്ടിൽ വച്ചു തന്നെയായിരുന്നു ഗ്രന്ഥശാല പ്രവർത്തകർ പഴവും പച്ചക്കറികളും മുറിച്ച് സദ്യയൊരുക്കം നടത്തിയത്. തുടർന്ന് കുട്ടികൾ വിഭവങ്ങളുമേന്തി, ഓണപ്പാട്ടുകൾ പാടി കാവിലെത്തി.
90കളിൽ കുരങ്ങുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായത് ആശങ്ക സൃഷ്‌ടിച്ചിരുന്നു. പിന്നീടാണ് ഇങ്ങനെ ഒരു ആശയം ഉണ്ടായതെന്ന് പരിപാടിക്ക് നേതൃത്വം വഹിച്ച വേണുഗോപാലൻ പറഞ്ഞു. സാധാരണ ഈ ദിവസം മഴ പെയ്യാറുണ്ട്. എന്നാൽ ഇത്തവണ ചിങ്ങവെയിലായതുകൊണ്ട് പരിപാടി ഗംഭീരമായി നടന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കാലത്തും സദ്യ മുടക്കിയിരുന്നില്ല. പെരുമാറ്റച്ചട്ടം പാലിച്ച് സദ്യവട്ടം ചുരുക്കിയിരുന്നു.
കാഴ്‌ചയുടെ കൗതുകം പങ്കിടാൻ അടുത്ത ഗ്രാമങ്ങളിൽ നിന്നും ധാരാളം ആളുകളെത്തിയിരുന്നു. ആഘോഷത്തിന്‍റെ ഭാഗമായി പൂക്കൾ കൊണ്ട് അലങ്കരിച്ചിരുന്നു. ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് സ്റ്റീൽ ഗ്ലാസിൽ തന്നെ വെള്ളവും നൽകി. ഇടയിലക്കാട് കാവിനടുത്ത് റോഡരികിൽ ഡസ്ക്കുകളും കസേരകളും നിരത്തിയായിരുന്നു സദ്യ വിളമ്പിയത്. സിനിമ ഷൂട്ടിങ്ങിൻ്റെ തിരക്കിനിടയിലും നടൻ പിപി കുഞ്ഞികൃഷ്‌ണനും സദ്യ കാണാനെത്തി. കുട്ടികൾക്കൊപ്പം കുരങ്ങന്മാർക്ക് വിഭവങ്ങൾ വിളമ്പി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വയര്‍ നിറഞ്ഞവർ ഏമ്പക്കമിട്ടും കാട്ടുമരച്ചില്ലകളിൽ കിടന്നുമറിഞ്ഞാടിയും ആഹ്ലാദം പുറത്തുകാട്ടി. കുരങ്ങുകളുടെ പ്രത്യുത്‌പാദനശേഷിയെ ബാധിക്കാത്ത വിധം പഴങ്ങളും പച്ചക്കറികളും അവയ്ക്ക് ഭക്ഷണമായി നൽകുക എന്ന ബോധവത്‌കരണത്തിലൂന്നിയാണ് സദ്യ വിളമ്പിയത്. ഓണം സഹജീവികൾക്ക് കൂടിയുള്ളതാണ് എന്നതിൻ്റെ ഓർമപ്പെടുത്തല്‍ കൂടിയായി മാറി കൗതുകം നിറഞ്ഞ സദ്യ. ഹൊസ്‌ദുർഗ് താലൂക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി വേണുഗോപാലൻ ഗ്രന്ഥാലയം സെക്രട്ടറി വികെ കരുണാകരൻ, പ്രസിഡൻ്റ് കെ സത്യവ്രതൻ, ബാലവേദി കൺവീനർ എം ബാബു എന്നിവരാണ് സദ്യയ്‌ക്ക് നേതൃത്വം നൽകി.
Also Read: കണ്ണന് ഓണപ്പുടവ സമര്‍പ്പിച്ച് ഭക്തര്‍; ജനസാഗരമായി ഗുരുവായൂര്‍ ക്ഷേത്രനട