തിരുവനന്തപുരം: തൃശൂർ മണ്ഡലത്തിൽ ബിജെപി നേടിയ വിജയം ഗൗരവകരമെന്നും ജനവിധി അംഗീകരിച്ചും ആഴത്തിൽ പരിശോധിച്ചും ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജനവിധി അംഗീകരിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. രാവിലെ അദ്ദേഹം പങ്കെടുത്ത പരിപാടിയിൽ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് മാധ്യമ പ്രവർത്തകർ പ്രതികരണം തേടിയെങ്കിലും പിന്നീടെന്ന് പറയുകയായിരുന്നു അദ്ദേഹം.
ബിജെപി ആദ്യമായി ലോക്‌സഭ മണ്ഡലം വിജയിച്ചത് വിമർശനാത്മകമായി വിലയിരുത്തേണ്ടതുണ്ട്. ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് തെരഞ്ഞടുപ്പ് ഫലം. പണക്കൊഴുപ്പിന്‍റെയും കേന്ദ്ര ഏജൻസികളുടെയും ഭരണസംവിധാനങ്ങളുടെയും വലിയൊരു മാധ്യമ വിഭാഗത്തിന്‍റെയും പിന്തുണയോടെ നടത്തിയ പ്രചരണങ്ങളെല്ലാം ജനങ്ങൾ തള്ളി എന്നാണ് ബിജെപിക്ക് കേവലഭൂരിപക്ഷം നഷ്‌ടപ്പെട്ട തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ വിഘടിപ്പിച്ച് വർഗീയതയും വിഭാഗീയതയും ഉയർത്തി സുരക്ഷിതമായി മുന്നോട്ടുപോകാം എന്ന വ്യാമോഹമാണ് ഇന്ത്യൻ ജനത തകർത്തത്. എൽഡിഎഫിന് കേരളത്തിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ല. ഏറെക്കുറെ 2019 ലേതിന് സമാനമായ ഫലമാണുണ്ടായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.