പാലക്കാട് :സന്ദീപ് വാര്യരെ മാധ്യമങ്ങൾ മഹത്വവൽക്കരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ മാധ്യമങ്ങൾക്ക് ചില സ്ഥാപിത താൽപര്യങ്ങളുണ്ട്. അത് ഇടതുപക്ഷത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണാടിയിൽ എൽഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സന്ദീപിൻ്റെ മുൻ കാല പ്രവർത്തനങ്ങളും പ്രസ്‌താവനകളും അറിയാത്തവരല്ല മുസ്‌ലീം ലീഗിൻ്റെ പ്രവർത്തകർ, അദ്ദേഹത്തിന്‍റെ പഴയ കാല പ്രവർത്തനങ്ങളും പ്രസ്‌താവനകളും പൊതു സമൂഹത്തിന് മുന്നിലുണ്ട്. മുസ്‌ലീം ലീഗിൻ്റെ സാധാരണ പ്രവർത്തകർക്ക് എല്ലാം അറിയാം.
ഈ കാര്യത്തിൽ അവർക്കുള്ള ആശങ്കയും അമർഷവും പരിഹരിക്കാനാണ് സന്ദീപ് വാര്യർ ധൃതി പിടിച്ച് പാണക്കാട്ട് സന്ദർശനം നടത്തിയത്. പാണക്കാട് തങ്ങളുടെ മുന്നിലെത്തി രണ്ട് വർത്തമാനം പറഞ്ഞത് കൊണ്ട് പ്രശ്‌നം തീരുമോ?. ബാബറി മസ്‌ജിദിൻ്റെ തകർച്ചയെത്തുടർന്ന് കോൺഗ്രസും മുസ്‌ലീം ലീഗും തമ്മിലുണ്ടായ അകൽച്ച എന്തിനായിരുന്നുവെന്ന് എല്ലാവരും ചിന്തിക്കണം.
ഇന്ത്യയിൽ മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ ഇടതുപക്ഷം കാണിക്കുന്ന ആർജവം കോൺഗ്രസിന് ഇല്ല. നരേന്ദ്ര മോദി സർക്കാരിനു കീഴിൽ രാജ്യം എല്ലാ മേഖലകളിലും പിറകോട്ടടിക്കുകയാണ്. ലോക നിലവാരപ്പട്ടിക പരിശോധിച്ചാൽ അത് വ്യക്തമാവുമെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.