തിരുവനന്തപുരം:ലേബര്‍ ക്യാമ്പിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കുവൈറ്റ് യാത്രയ്ക്ക് ആരോഗ്യമന്ത്രി വീണ ജോർജിന് അനുമതി ലഭിക്കാത്ത സംഭവത്തില്‍ അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. അനുമതി നിഷേധിക്കുന്നത് സഹകരണ ഫെഡറലിസത്തിൻ്റെ തത്വങ്ങൾക്ക് എതിരാണ്. ഭാവിയിൽ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ഉത്തരവാദിത്വം കാണിക്കാൻ വിദേശകാര്യ മന്ത്രാലയത്തെ ഉപദേശിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
പൊളിറ്റിക്കൽ ക്ലിയറൻസിനായുള്ള വീണ ജോർജിന്റെ അഭ്യർഥനയോട് വിദേശകാര്യ മന്ത്രാലയം പ്രതികരിക്കാതെയിരുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. അതിനാൽ കുവൈറ്റിൽ തീപിടിത്തത്തിന് ഇരയായവരുടെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ വീണയ്ക്ക് പോകാനായില്ല. കുവൈറ്റിൽ വീണ പോയിരുന്നെങ്കിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായും ഉദ്യോഗസ്ഥരുടെ സംഘവുമായും എംബസിയുമായും ബന്ധപ്പെടാനാകുമായിരുന്നു.
ദുരന്തസമയത്ത് വിവാദമുണ്ടാക്കുകയല്ല ഉദ്ദേശമെന്നും, എന്നാൽ പൊളിറ്റിക്കൽ ക്ലിയറൻസ് അഭ്യഥനയ്ക്ക് മറുപടി ലഭിക്കാത്തത് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. ഇത് ശ്രദ്ധയിൽപ്പെടുത്തിയില്ലെങ്കിൽ സംസ്ഥാന സർക്കാർ അതിന്റെ കടമയിൽ വീഴ്ച വരുത്തുന്നതിന് തുല്യമാണെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.