കേരളം

kerala

ETV Bharat / state

കെജ്‌രിവാളിന്‍റെ ജാമ്യം; വിധി തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് മുഖ്യമന്ത്രി, സംഘപരിവാറിന്‍റെ മുഖത്തേറ്റ അടിയെന്ന് വിഡി സതീശന്‍ - ARVIND KEJRIWAL INTERIM BAIL - ARVIND KEJRIWAL INTERIM BAIL

അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം. കോടതി വിധിയെ സ്വാഗതം ചെയ്‌ത് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും.

PINARAYI VIJAYAN  OPPOSITION LEADER  INTERIM BAIL OF ARVIND KEJRIWAL  അരവിന്ദ് കെജ്രിവാളിന് ജാമ്യം
ARVIND KEJRIWAL INTERIM BAIL (Source: Etv Bharat)

By ETV Bharat Kerala Team

Published : May 10, 2024, 6:05 PM IST

തിരുവനന്തപുരം : ഡല്‍ഹി മദ്യ നയക്കേസില്‍ അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധിയെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും സ്വാഗതം ചെയ്‌തു. ജനാധിപത്യത്തെ അട്ടിമറിച്ച് അധികാര ദുര്‍വിനിയോഗത്തിലൂടെ ഭരണത്തില്‍ കടിച്ചു തൂങ്ങാനുള്ള ബിജെപിയുടെ കുത്സിത നീക്കത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നല്‍കിയ സുപ്രീം കോടതി തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

രാജ്യത്തിന്‍റെ ജനാധിപത്യ ചരിത്രത്തിലും ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നതിലും നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഒന്നായി ഈ വിധി മാറും. എതിര്‍ ശബ്‌ദങ്ങളെ അടിച്ചമര്‍ത്തി ഒരു സമഗ്രാധിപത്യ ശക്തിക്കും എന്നേക്കുമായി മുന്നോട്ടു പോകാനാവില്ല. തെരഞ്ഞെടുപ്പു ഘട്ടത്തില്‍ തന്നെ പ്രതിപക്ഷ മുഖ്യമന്ത്രിയെ തുറങ്കിലടച്ച് അദ്ദേഹത്തിന്‍റെ ശബ്‌ദം അടിച്ചമര്‍ത്തുന്നതിലൂടെ ജനാധിപത്യത്തിന്‍റെ അടിസ്ഥാന തത്വങ്ങളെ തന്നെയാണ് ബിജെപി സര്‍ക്കാര്‍ കുഴിച്ചു മൂടാന്‍ നോക്കിയത്.

ജനങ്ങളെ വിശ്വാസത്തിലെടുത്തും ജനങ്ങളോട് നേരിട്ട് സംവദിച്ചും തെരഞ്ഞെടുപ്പിനെ നേരിടാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന് ഭയമാണ്. പകരം വര്‍ഗീയ വിദ്വേഷം അഴിച്ചു വിട്ടും അമിതാധികാരം പ്രയോഗിച്ചും പ്രതിപക്ഷത്തെ നിശബ്‌ദമാക്കിയും ജനവികാരത്തെ മാറ്റിമറിക്കാമെന്ന വ്യാമോഹത്തിനാണ് പരമോന്നത കോടതി ആഘാതമേല്‍പ്പിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോള്‍ ബിജെപിയുടെ നില പരുങ്ങലിലാവുകയാണ്.

അത് തിറിച്ചറിയുമ്പോഴുള്ള വിഭ്രാന്തിയാണ് സമീപ നാളുകളില്‍ പുറത്തുവരുന്നത്. കേന്ദ്ര സര്‍ക്കാറിന്‍റെ തെറ്റായ നീക്കങ്ങള്‍ ജുഡീഷ്യല്‍ പരിശോധനയെ അതിജീവിക്കില്ല എന്നതിന്‍റെ സൂചന കൂടിയാണ് ഈ വിധി. ഇഡിയെ പോലുള്ള ഏജന്‍സികളെ രാഷ്ട്രീയ ആയുധമായി മാറ്റുന്നതിനോടുള്ള എതിര്‍പ്പ് കൂടിയാണ് വിധിയില്‍ തെളിയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ജനാധിപത്യത്തെ അട്ടിമറിച്ച് ഏകാധിപത്യത്തെ വാഴിക്കാമെന്ന് കരുതുന്ന സംഘപരിവാറിന്‍റെ മുഖത്തേറ്റ അടിയാണ് കോടതി വിധി. ഏത് ഏകാധിപതിക്കും മുകളിലാണ് നീതിന്യായ വ്യവസ്ഥ.

കോടതി വിധിയും നിരീക്ഷണങ്ങളും അതിന് അടിവരയിടുന്നു. പ്രതികാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടി ജനാധിപത്യത്തിന്‍റെ വിജയമാണ്. ഇന്ത്യ മുന്നണിക്ക് കൂടുതല്‍ ആത്മവിശ്വാസവും ഊര്‍ജവും നല്‍കുന്നതാണ് സുപ്രീം കോടതി വിധി. കെജ്‌രിവാള്‍ പ്രചരണ രംഗത്ത് എത്തുന്നത് തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും. ഇന്ത്യ മുന്നണിക്ക് അനുകൂലമായ തരംഗമുണ്ടാകും.

ജനാധിപത്യത്തിന്‍റെ അടിസ്ഥാന തത്വങ്ങളെയും രാജ്യത്തിന്‍റെ ആത്മാഭിമാനത്തെയും ചോദ്യം ചെയ്യാന്‍ ബിജെപിയേയും സംഘപരിവാര്‍ ശക്തികളെയും കോണ്‍ഗ്രസ് അനുവദിക്കില്ല. പ്രതിപക്ഷം കൂടുതല്‍ കരുത്താര്‍ജിക്കുമ്പോള്‍ വര്‍ഗീയ വിദ്വേഷം ചീറ്റുന്ന മോദിക്കും സംഘത്തിനും ഈ തെരഞ്ഞെടുപ്പിന്‍ ജനം കനത്ത തിരിച്ചടി നല്‍കുമെന്ന് സതീശന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ALSO READ:അരവിന്ദ് കെജ്‌രിവാള്‍ പുറത്തേക്ക്; ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ABOUT THE AUTHOR

...view details