തിരുവനന്തപുരം:വയനാട് ഉരുൾപൊട്ടൽ ഉണ്ടായതിന്‍റെ കാരണം കാലാവസ്ഥ വ്യതിയാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലാവസ്ഥ വ്യതിയാനം നേരിട്ട് ബാധിക്കുന്ന മേഖലയാണ് കാർഷിക മേഖലയെന്നും, അത് മറികടക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിലാണ് പ്രാഥമിക ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു. കർഷക ദിനാചരണത്തോടനുബന്ധിച്ചുള്ള പരിപാടിയുടെ ഉദ്‌ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനം മൂലം രാജ്യത്തെ നെല്ലുൽപാദനം 2050 ഓടെ 20 ശതമാനവും 2080 ആകുമ്പോഴേക്കും 47 ശതമാനവും കുറയുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വിഷയം ഗുരുതരമായി എടുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി.
വയനാട്ടിലെ ദുരന്തത്തിന് ഇടയാക്കിയത് 10 ശതമാനത്തോളം അധികമായി പെയ്‌ത കനത്ത മഴയാണ്. വേൾഡ് വെതർ ആട്രിബ്യൂഷൻ (ഡബ്ല്യുഡബ്ല്യുഎ) നടത്തിയ പഠനത്തിൽ പറയുന്നത് വയനാട്ടിൽ ദുരന്ത ദിവസം ലഭിച്ചത് 50 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന കനത്ത മഴയാണെന്നാണ്. വയനാട്ടിൽ നിരവധി പേരുടെ ജീവനെടുത്ത ഈ ദുരന്തം വിരൽ ചൂണ്ടുന്നത് ഉരുൾപൊട്ടൽ സാധ്യതകൾ വിലയിരുത്തുന്നതിന് വടക്കൻ കേരളത്തിലെ മലയോര മേഖലകളിൽ മെച്ചപ്പെട്ട കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനങ്ങളുടെ ആവശ്യകതയിലേക്കാണ്.