എറണാകുളം : ബലാത്സംഗ കേസിൽ പ്രതിയായ ഹൈക്കോടതിയിലെ മുൻ സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ പി ജി മനു നൽകിയ ജാമ്യ ഹർജിയിൽ സർക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി (Sexual Assault Case against PG Manu). എറണാകുളം സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ മുൻ സർക്കാർ അഭിഭാഷകനായ പിജി മനു ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ജാമ്യ ഹർജി സമർപ്പിച്ചിരുന്നു (PG Manu Bail Application). ജനുവരി 31ന് പൊലീസിന് മുന്നിൽ കീഴടങ്ങിയ മനു നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്.
മജിസ്ട്രേറ്റ്, സെഷൻസ് കോടതികൾ ജാമ്യ ഹർജികൾ തള്ളിയതോടെയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. ചോദ്യം ചെയ്യലുമായും അന്വേഷണവുമായും സഹകരിച്ചിരുന്നു. അന്വേഷണം പൂർത്തിയാകാറായ സാഹചര്യത്തിൽ ഇനിയും ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരേണ്ടതില്ല. ഏത് ഉപാധികളും അനുസരിക്കാമെന്നും പി ജി മനു ജാമ്യാപേക്ഷയിൽ പറയുന്നു.
ജാമ്യ ഹർജി ഹൈക്കോടതി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ സുപ്രീം കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. തുടർന്നായിരുന്നു കീഴടങ്ങൽ. പൊലീസ് ലുക്ക് ഔട്ട് നോട്ടിസും ഇറക്കിയിരുന്നു. മനുവിനെതിരായ കേസ് ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.