എറണാകുളം :സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി. വിചാരണക്കോടതി വിധിയ്‌ക്കെതിരെ അമീറുൽ ഇസ്‌ലാം നൽകിയ ഹര്‍ജി ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച വധശിക്ഷ ശരിവച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിടുകയായിരുന്നു.
കേസില്‍ കുറ്റവിമുക്തനാക്കി വെറുതെവിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ ഡിഎന്‍എയും മറ്റു ശാസ്ത്രീയ തെളിവുകളുമാണ് നിര്‍ണായകമായത്. ഡിഎന്‍എ സാമ്പിളുകള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ വിശ്വസിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. വീടിന്‍റെ വാതില്‍ കട്ടിളയില്‍ നിന്നും പെണ്‍കുട്ടിയുടെ ചുരിദാറില്‍ നിന്നും കണ്ടെത്തിയ രക്ത സാമ്പിളുകള്‍ തെളിവായി എടുക്കാമെന്നും കോടതി ഉത്തരവില്‍ ചൂണ്ടികാട്ടി.
2016 ഏപ്രില്‍ 28 നായിരുന്നു പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനിയായ ജിഷ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ആദ്യഘട്ടത്തിൽ പൊലീസ് പ്രതിയെ കുറിച്ച് യാതൊരു സൂചനയുമില്ലാതെ പ്രതിയെ കണ്ടത്താനാകാതെ വലയുകയായിരുന്നു. സംഭവ നടന്ന സ്ഥലം സീൽ ചെയ്യുന്നത് ഉൾപ്പടെ ആദ്യഘട്ടത്തിൽ പൊലീസിന് സംഭവിച്ച വീഴ്‌ച വലിയ വിമർശനങ്ങൾക്ക് കാരണമായി.
2016ലെ നിയമസഭ തെരെഞ്ഞെടുപ്പിലടക്കം പ്രതിപക്ഷം ഈ വിഷയത്തെ രാഷ്‌ട്രീയ വിഷയമായി ഉയർത്തി കൊണ്ടുവന്നു. ഇതര സംസ്ഥാന തൊഴിലാളികളെയും നാട്ടുകാരെയും കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം ഊർജിതമാക്കി. കൊല്ലപ്പെട്ട വിദ്യാർഥിനിയുടെ മൃതദേഹത്തിൽ കണ്ട പ്രതിയുടെ പല്ല് അടയാളം തിരിച്ചറിയാൻ നിരവധിയാളുകളെ പച്ചമാങ്ങ കടിപ്പിച്ച് വരെ പൊലീസ് അന്വേഷണം നടത്തിയിരുന്നു.
കൊലപാതകത്തിന് ശേഷം പെരുമ്പാവൂർ വിട്ടുപോയ ഇതര സംസ്ഥാനക്കാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിൽ നിർണായക വഴിത്തിരിവായത്. ആഴ്‌ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 2016 ജൂൺ 16 നാണ് അസം സ്വദേശിയായ പ്രതി അമീർ ഉല്‍ ഇസ്‌ലാം പിടിയിലായത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ പ്രതിയുടെ ഡിഎൻഎ പരിശോധനയുൾപ്പടെ നടത്തി ശാസ്‌ത്രീയമായി സ്ഥിരീകരിച്ചാണ് പ്രതി അമീറുൽ തന്നെ ആണെന്ന് പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചത്.
2016 ജൂൺ 28 ന് ഇയാളെ നേരിട്ട് എത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്തിയത്. കൊലപാതക ശേഷം പ്രതി ഒഴിഞ്ഞ പറമ്പിലേക്ക് വലിച്ചെറിഞ്ഞ കത്തിയിലെ രക്തക്കറ നിയമ കൊല്ലപ്പെട്ട വിദ്യാർഥിനിയുടേതാണെന്നു ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചു. 2016 സെപ്റ്റംബർ 17 ന് കോടതിയിൽ 1500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. ഏക പ്രതി അമീർ ഉല്‍ ഇസ്‌ലാമിനെതിരെയായിരുന്നു ബലാത്സംഗം, കൊലപാതകം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.
2016 നവംബർ മാസത്തിൽ എറണാകുളം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങി. ബലാത്സംഗം ഉൾപ്പെടെ ആരോപിക്കപ്പെട്ട കേസിൽ 2017 മാർച്ചിൽ അടച്ചിട്ട കോടതി മുറിയിൽ പ്രതിയെ രഹസ്യ വിചാരണ നടത്താൻ കോടതി ഉത്തരവ് നൽകി. പ്രോസിക്യൂഷൻ സാക്ഷികളായ നൂറ് പേരെ കോടതി വിസ്‌തരിച്ചിരുന്നു. 293 രേഖകളും 36 തൊണ്ടി മുതലുകളും പരിശോധിച്ചു. പ്രതിഭാഗം ഹാജരാക്കിയ അഞ്ച് സാക്ഷികളെയും കോടതി സാക്ഷിവിസ്‌താരം നടത്തി.
2017 ഡിസംബറിൽ കേസിന്‍റെ അന്തിമവാദം പൂർത്തിയാക്കി. പ്രതി നിയമ വിദ്യാർഥിയുടെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ അതിക്രമിച്ചു കയറിയാണ് ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയെന്ന് കോടതി കണ്ടെത്തി. പ്രതിക്ക് വധശിക്ഷ ഉറപ്പിക്കണമെന്ന പ്രോസിക്യൂഷന്‍റെയും കുടുംബത്തിന്‍റെയും ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.