കാസർകോട്: ടിപി ചന്ദ്രശേഖരൻ കൊലപാതക കേസിനു പിന്നാലെ ഈ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മറ്റൊരു വിധിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്ല്യോട്ടെ ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കൊലപാതക കേസ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശക്തമായ സ്വാധീനം ഉണ്ടാക്കാൻ കഴിയുന്ന കേസിന്‍റെ വിചാരണ അന്തിമ ഘട്ടത്തിലാണ്.
മാർച്ച് മാസം സിബിഐ കോടതി വിധിപറയുമെന്നാണ് സൂചന. ഏറെ രാഷ്ട്രീയ കോളിളക്കം ഉണ്ടാക്കാവുന്ന വിധിയാകും ഇത്. 2019 ഫെബ്രുവരിയിൽ നടന്ന ഈ കൊലപാതക കേസിൽ മുൻ എംഎൽഎയും സിപിഎം നേതാവുമായ കെവി കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റും സിപിഎം നേതാവുമായിരുന്ന മണികണ്‌ഠൻ ഉൾപ്പെടെ 24 പ്രതികളാണ് ഉള്ളത്. സിപിഎം പ്രാദേശിക നേതാവ് പീതാംബരനാണ് ഒന്നാം പ്രതി.
ഇരു കൊലപാതകക്കേസിലും സിപിഎമ്മിന് പങ്കില്ലെന്നു ആവർത്തിക്കപ്പെടുമ്പോഴും ടിപി കേസിൽ വടകരയിൽ കെകെ ശൈലജയും കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ എം വി ബാലകൃഷ്‌ണനും കാര്യങ്ങള്‍ വിശദീകരിക്കണ്ടിവരും. 2019 ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‍റെ തട്ടകമായ കാസർകോട് യുഡിഎഫ് വിജയിച്ചതിനു പിന്നിൽ പെരിയ ഇരട്ടക്കൊലക്കേസ് ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നത് പകല്‍ പോലെ വാസ്‌തവമാണ്.
മറ്റൊരു തെരഞ്ഞെടുപ്പ് കാലത്ത് വിധി കൂടി വരുമ്പോൾ കാസർകോട്ടെ രാഷ്ട്രീയ സാഹചര്യം ആർക്ക് അനുകൂലമാകുമെന്ന് കണ്ടറിയണം. ആർഎംപി നേതാവായ ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ ആറു പ്രതികളുടെ ശിക്ഷ ഹൈക്കോടതി ഇരട്ട ജീവപര്യന്തമാക്കി ഉയർത്തിയിരുന്നു. വലിയ പ്രാധാന്യം ടിപി കേസിന് ഇല്ലാതിരുന്ന ഘട്ടത്തിലാണ് ഹൈക്കോടതിയുടെ വിധി വരുന്നത്. അങ്ങനെ ഈ തെരെഞ്ഞെടുപ്പിലും ടിപി കേസ് രാഷ്ട്രീയ ചർച്ചയായി.
ടി പി കൊല്ലപ്പെട്ടത്തിനു ശേഷം നടന്ന രണ്ടു ലോക്‌സഭാ തെരെഞ്ഞെടുപ്പിലും വധക്കേസ് വലിയ ചർച്ചയായിരുന്നു. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രൻ ജയിച്ചപ്പോൾ 2019 ൽ സിപിഎമ്മിന്‍റെ കരുത്തനായ നേതാവ് പി ജയരാജനെ പരാജയപ്പെടുത്തി കെ മുരളീധരൻ വിജയിച്ചു. അന്ന് ടിപി വധം വലിയ ചർച്ചയായിരുന്നു. ആർ എംപി യുഡിഎഫിന് പിന്തുണ നൽകുകയും ചെയ്‌തിരുന്നു. മുരളീധരന്‍റെ വിജയത്തിൽ ടിപി കേസും ആർഎംപി നിലപാടും നിർണായകമായിരുന്നു.
ഇതേ അവസ്ഥ തന്നെയായിരുന്നു കാസർകോടും. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം 2019 ലെ രാജ്‌മോഹൻ ഉണ്ണിത്താന്‍റെ വിജയത്തിലും ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഇരട്ടകൊലപാതകത്തിനു ശേഷമുള്ള രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമായി. യുഡിഎഫ് പോലും ജയിക്കില്ലെന്നു കരുതിയ മണ്ഡലമായിരുന്നു കാസർകോട്. പിന്നാലെ നടന്ന തെരഞ്ഞെടുപ്പുകളിൽ എല്ലാം ഇരട്ട കൊലപാതകം ചർച്ചയായിരുന്നു. യുഡിഎഫിന് അനുകൂലമാകുകയും ചെയ്‌തു.