വയനാട്ടിലെ പ്രതിഷേധത്തിന്‍ നിന്നും വയനാട് :വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ മനുഷ്യജീവൻ നഷ്‌ടമാകുന്നത് തുടരുന്നതില്‍ പ്രതിഷേധം ശക്തം. ഇന്നലെ (ഫെബ്രുവരി 17) കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പുൽപ്പള്ളി പാക്കം സ്വദേശി പോളിന്‍റെ മൃതദേഹം പുല്‍പ്പള്ളിയിലെത്തിച്ചതോടെ ജനരോഷം അതിരുകടന്നു. ആദ്യം ജഡവുമായി തെരുവില്‍ പ്രതിഷേധം തുടർന്നു.
തൊട്ടുപിന്നാലെ എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെയും പ്രതിഷേധം ശക്തമായി. അതിനു ശേഷം പ്രതിഷേധക്കാർ വനം വകുപ്പ് ജീപ്പ് ആക്രമിച്ച് തകർത്തു. ജീപ്പിന്‍റെ കാറ്റ് അഴിച്ചുവിട്ടും റൂഫ് തകർത്തും തുടർന്ന പ്രതിഷേധം ജീപ്പിന് മുകളില്‍ റീത്ത് വയ്‌ക്കുന്നതിലെത്തി.
അവിടം കൊണ്ടും അവസാനിക്കാത്ത ജനരോഷം കടുവ കടിച്ചുകൊന്ന പശുവിന്‍റെ ജഡം കൊണ്ടുവന്നാണ് പ്രതിഷേധക്കാർ തുടർന്നത്. പശുവിന്‍റെ ജഡം വനംവകുപ്പ് ജീപ്പിന് മുകളില്‍ വച്ച പ്രതിഷേധക്കാർ സർക്കാരിനും വനം വകുപ്പിനുമെതിരെ മുദ്രാവാക്യം വിളിച്ചു. ഉദ്യോഗസ്ഥർക്ക് നേരെ ഗോ ബാക്ക് വിളികളുമായി മണിക്കൂറുകളോളമാണ് പ്രതിഷേധം തുടർന്നത്. നീതി വേണമെന്ന ആവശ്യവുമായി പൊലീസിന് നേരെയും മുദ്രാവാക്യം വിളികളുണ്ടായി.
അതേസമയം, കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പുൽപ്പള്ളി പാക്കം സ്വദേശി പോളിന്‍റെ ഭാര്യക്ക് സ്ഥിര ജോലി നല്‍കുന്ന കാര്യത്തില്‍ പത്ത് ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്ന് കലക്‌ടറുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ തീരുമാനമായി. കുടുംബത്തിന് അൻപത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ ശുപാർശ ചെയ്യും. അതില്‍ പത്ത് ലക്ഷം ഉടൻ നൽകുമെന്നും യോഗത്തില്‍ തീരുമാനം.